കോന്നി : ഇരുളിന്റെ മറവിൽ അശാസ്ത്രീയമായി മാലിന്യം തള്ളുന്നതോടെ കോന്നി വീണ്ടും ചീഞ്ഞുനാറുന്നു. ടൗൺ പ്രദേശത്തെ വിവിധ ഇടങ്ങളിലെ മാലിന്യകൂമ്പാരങ്ങൾ നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമായിരിക്കുകയാണ്. നേരത്തെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇലക്ഷൻ പ്രഖ്യാപിക്കുകയും ജനപ്രതിനിധികൾക്ക് അധികാരം നഷ്ടപ്പെടുയും ഉദ്യോഗസ്ഥർ ഇലക്ഷൻ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തതോടയാണ് കോന്നി വീണ്ടും മാലിന്യ പൂരിതമാകുന്നത്. ചന്ത മൈതാനിയിലെ ടാക്‌സി സ്റ്റാന്റ്, ചൈനാ ജംഗ്ഷന് സമീപം,മുസ്ലിം പള്ളി റോഡിലെ ഇരു വശങ്ങളും പ്രൈവറ്റ് ബസ് സ്റ്റാന്റിന് എതിർവശം, പോസ്റ്റ് ഓഫീസ് റോഡിൽ മാവേലി സ്റ്റോറിന് എതിർ ഭാഗത്തെ തോടും പരിസര പ്രദേശവും ,എലിയറയ്ക്കൽ കാളഞ്ചിറ റോഡിലെ തോട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലാണ് അനധികൃതമായി മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ നിക്ഷേപിക്കുന്നത്.റോഡു വശങ്ങളിലെ ചപ്പുചവറുകളും മാലിന്യങ്ങളും നീക്കം ചെയ്യാൻ പഞ്ചായത്ത് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവർ ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലന്ന ആക്ഷേപമുണ്ട്. മാലിന്യ സംസ്‌കരണത്തിന് വേണ്ട ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രധാനമായും മാലിന്യങ്ങൾ വഴിയരുകിൽ കൊണ്ടിടാൻ കാരണം.നാരായണപുരം ചന്തയിലെ ബയോഗ്യാസ് പ്ലാന്റും,മാലിന്യ സംസ്‌കരണ സംവിധാനവും പ്രവർത്തനരഹിതമാണ്. ഇവിടെ അലക്ഷ്യമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് രൂക്ഷമായ ദുർഗന്ധത്തിന് കാരണമായിട്ടുണ്ട്. ടൗൺപ്രദേശത്തെ മാലിന്യകൂമ്പാരങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ.ബഷീർ ആവശ്യപ്പെട്ടു.