പത്തനംതിട്ട: ഒരേ ചിഹ്നത്തിൽ അമ്മയും മകളും മത്സര രംഗത്തിറങ്ങുക - സംഗതിയിൽ അധികം കൗതുകമൊന്നുമില്ല. പക്ഷേ ഇരുവരും ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്നതാണ് കാര്യത്തിലെ കൗതുകം. വള്ളിക്കോട് പ്ലാങ്കൂട്ടത്തിൽ പി.ആർ. രാജന്റെ ഭാര്യ പ്രസന്നയും മകൾ അശ്വതി വിനോജുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായി പന്തളം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്നത്. അരിവാൾ ചുറ്റിക നക്ഷത്രമാണ് ചിഹ്നം.
ബാല്യകാലം മുതൽ ഇടതുപക്ഷത്തോടടുപ്പമുള്ള അശ്വതി എസ്.എഫ്.ഐയിലൂടെയാണ് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായത്. പിന്നീട് ഡി.വൈ.എഫ്.ഐയായി പ്രവർത്തനമേഖല. നൂറുകണക്കിന് കുടുംബങ്ങൾക്ക് ജീവകാരുണ്യമൊരുക്കുന്ന ലെഫ്റ്റ് ഈസ് റൈറ്റ് സെക്രട്ടറി വിനോജാണ് ഭർത്താവ്. സംഘടനയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ കൂടിയാണിവർ. ഈ ജനകീയബന്ധമാണ് നീർവിളാകം ബ്ലോക്ക് ഡിവിഷനിൽസ്ഥാനാർത്ഥിയാകാൻ ഈ 34കാരിക്ക് കുറി വീണത്.