പത്തനംതിട്ട: മുമ്പ് മകൻ ജയിച്ച വാർഡിലെ സ്ഥാനാർത്ഥിയാണ് നാൽപത്തിയൊമ്പതുകാരിയായ നീന മാത്യു. നീനയുടെ അമ്മ വത്സമ്മ മാത്യു (69) ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥിയും. വ്യത്യസ്ഥ പാർട്ടിയിലാണെങ്കിലും അമ്മയും മകളും ഒരേ മുന്നണിയാണ്.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിലെ മുല്ലപ്പുഴശേരി ഡിവിഷനിൽ മത്സരിക്കുന്ന വത്സമ്മ മാത്യു സി.പി.ഐയുടെ സ്ഥാനാർത്ഥിയാണ്. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മത്സരിക്കുന്ന നീന മാത്യു സി.പി.എം സ്ഥാനാർത്ഥിയും.
ആറന്മുള കുന്നാട്ടുകര തടത്തിൽ വീട്ടിൽ വൽസമ്മ 1982 മുതൽ മത്സര രംഗത്തുണ്ട്. കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗമായി ആദ്യ വിജയം.1990 ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും 13 വോട്ടിന് തോറ്റു.1995 മുതൽ 2000 വരെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2005ലും 2015ലും ഇലന്തൂർ ബ്ലോക്കിൽ മല്ലപ്പുഴശേരി ഡിവിഷനെ പ്രതിനിധീകരിച്ചു.
സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും മഹിളാ സംഘത്തിന്റെ നേതാവുമായ വത്സലയുടെ മകൾ നീന മാത്യുവിനെ വിവാഹം കഴിച്ചത് സി.പി.എം പ്രവർത്തകനായ മല്ലപ്പള്ളി കോട്ടാങ്ങൽ സ്വദേശി തെങ്ങുംപള്ളി വീട്ടിൽ ബാബു വർഗീസാണ്. ഇതോടെ നീന സി.പി.എമ്മിലെത്തി. കഴിഞ്ഞ തണത്തെ ഉപതിരഞ്ഞെടുപ്പിൽ നീനയുടെ മകൻ എബിൻ ബാബു സി.പി.എം സ്ഥാനാർത്ഥിയായി ഇവിടെ വിജയിച്ചിരുന്നു. ഇത്തവണ സ്ത്രീ സംവരണമായപ്പോൾ മകന്റെ തുടർച്ചയായി അമ്മയെ തന്നെ പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു. മകന്റെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും നീന മാത്യുവിനിത് കന്നിപ്പോരാട്ടമാണ്.