ചെങ്ങന്നൂർ: ഇടതുപക്ഷത്തിനു ശക്തമായ സ്വാധീനമുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വെണ്മണി. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളുടെ ഭാഗവും ഇതിന് കീഴിൽ വരുന്നുണ്ട്. സി.പി.എമ്മിന്റെ ജെബിൻ പി.വർഗീസ് 5,177 വോട്ടുകൾക്ക് കഴിഞ്ഞ തവണ ഇവിടെ നിന്നു വിജയിച്ചതാണ്. ഡിവിഷൻ രൂപവത്കരിച്ച ശേഷം ഒരു തവണ പോലും യു.ഡി.എഫിന് വിജയിക്കാനായിട്ടില്ല. കഴിഞ്ഞ കാലത്തിന്റെ കണക്കുകൾ പറയുന്ന ബലത്തിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തു മുൻ അംഗമായ മഞ്ജുശ്രീകുമറിനെയാണ് തട്ടകം നിലനിറുത്താൻ എൽ.ഡി.എഫ്. കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസ് ഗാന്ധിദർശൻ സിമിതി ജില്ലാ ഉപാദ്ധ്യക്ഷയാണ് യു.ഡി.എഫ്. സ്ഥാനാർഥി അനിതാ സജി. എൻ.ഡി.എ സ്ഥാനാർത്ഥി ഗീതഓമനക്കുട്ടൻ ബി.ജെ.പി. മഹിളി മോർച്ചയുടെ മാവേലിക്കര നിയോജക മണ്ഡലം ട്രഷററാണ്. തഴക്കര,തെക്കേക്കര,വെൺമണി പഞ്ചായത്തുകൾ പൂർണമായും ആലാ, ചെട്ടികുളങ്ങര പഞ്ചായത്തുകളുടെ മൂന്നു വാർഡുകളും ചേർന്നതാണ് ജില്ലാ പഞ്ചായത്തിന്റെ വെൺമണി ഡിവിഷൻ. വെൺമണി എന്ന ചെങ്ങന്നൂർ താലൂക്കിലെ പ്രദേശത്തിന്റെ പേരാണ് ഡിവിഷനെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്നതാണ്. മാവേലിക്കര താലൂക്കിലെ തഴക്കരയും തെക്കേക്കരയും നിലവിൽ ഇടതു ഭരണത്തിൻ കീഴിലാണ്. വെൺമണി പഞ്ചായത്താവട്ടെ യു.ഡി.എഫ് ഭരണത്തിന്റെ കീഴിലുമാണ്. ഇവിടെ എൻ.ഡി.എഫും ( ബി.ജെ.പി ) ശക്തതമായ സാന്നിദ്ധ്യമാണ്. എൻ.ഡി.എ കഴിഞ്ഞ തവണ പതിനൊന്നായിരത്തിൽപ്പരം വോട്ടുകൾ പിടിച്ച് സാന്നിദ്ധ്യമറിയിച്ചിരുന്നു. മാറിയ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ ഡിവിഷനിൽ എൽ.ഡി.എഫിന്റെ, കുത്തക തകർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.യും യു.ഡി.എഫും. അതേ സമയം കോട്ട ഇളക്കം തട്ടാതെ കാക്കാനാവുമെന്ന ആത്മവിശ്വാസം എൽ.ഡി.എഫിനുമുണ്ട്.