sabariiiii
സന്നി​ധാനത്ത് തന്ത്രി​ കണ്ഠരര് രാജീവര് തീർത്ഥാടകർക്ക് പ്രസാദം വി​തരണം ചെയ്യുന്നു

ശബരിമല: വിവിധ മേഖലകളിൽ നിന്നുയർന്ന സമ്മർദ്ദത്തേയും പ്രതിഷേധത്തേയും തുടർന്ന് ശബരിമല, പമ്പ എന്നിവിടങ്ങളിലെ ഹോമിയോ ഡിസ്പൻസറികൾ തുറക്കുന്നതിന് ആരോഗ്യ വകുപ്പ് പണം അനുവദിച്ചു. കഴിഞ്ഞ സീസണിൽ രണ്ടിടത്തും ഡ്യൂട്ടി നോക്കിയിരുന്ന ജീവനക്കാരുടെ ടി.എ, ഡി.എ അലവൻസ് ഉൾപ്പെടെ 12.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ രണ്ടിടത്തേയും ഡിസ്പൻസറികൾ വൃശ്ചികം ഒന്നിന് തന്നെ തുറക്കുകയാണ് പതിവ്. ഇക്കുറി മുന്നൊരുക്കങ്ങൾ ഉൾപ്പെടെ നടത്തുന്നതിന് ഫണ്ട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ വകുപ്പിലുള്ള ചില ഉദ്യോഗസ്ഥരുടെ ഹോമിയോവകുപ്പിനോടുള്ള ചിറ്റമ്മനയം കാരണം അനുവദിച്ചില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തൊട്ടുപിന്നാലെ പണം അനുവദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഡിസ്പൻസറി തുറക്കുന്നതിൻ്റെ ഭാഗമായുള്ള ക്ലീനിംഗ് നടത്തുകയും ഇന്നലെ വൈകിട്ടോടെ മരുന്നുകൾ പമ്പയിൽ എത്തിക്കുകയും ചെയ്തു. ശബരിമലയിലെ തീർത്ഥാടക നിയന്ത്രണം കാരണം ജീവനക്കാരുടെ എണ്ണം പകുതിയാക്കി കുറച്ചു. മുൻ വർഷങ്ങളിൽ രണ്ടിടത്തും രണ്ട് ഡോക്ടർമാർ വീതവും 5 വീതം പാരാമെഡിക്കൽ സ്റ്റാഫിനേയും നിയമിച്ചിരുന്നു. ഇക്കുറി ഓരോ ഡോക്ടർമാരും ഓരോ ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരുൾപ്പെടെ 3 പേർ മാത്രമേ സേവനത്തിനുണ്ടാകൂ. ആവശ്യമെന്നു കണ്ടാൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് പത്തനംതിട്ട ഡി.എം.ഒ ഡോ. ബിജു കേരളകൗമുദിയോടു പറഞ്ഞു.