21-valarmathi

മലയാലപ്പുഴ: തമിഴ് വംശജരായ വോട്ടർമാർ ഏറെയുള്ള പ്രദേശങ്ങളാണ് മലയാലപ്പുഴ പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകൾ ഉൾപ്പെട്ട ഹാരിസൺ പ്ലാന്റെഷന്റെ കുമ്പഴത്തോട്ടം. ഇവിടുത്തെ പ്രചാരണത്തിലും തമിഴിന്റെ സ്വാധീനമുണ്ട്. 2000 ത്തോളം തമിഴ് വോട്ടർമാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇപ്പോൾ രണ്ടു വാർഡുകളിലായുള്ളത് 487 വോട്ടർമാരും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളും തമിഴ് വംശജരാണ്.

നാലാം വാർഡിൽ ബിജു. എസ്. (എൽ.ഡി. എഫ് ), ദിലീപ് കുമാർ

( യു.ഡി.എഫ്), ശംഭു കുമാർ ( എൻ.ഡി.എ ) എന്നിവരാണ് സ്ഥാനാർത്ഥികൾ. അഞ്ചാം വാർഡിൽ കലാബാലൻ (യു.ഡി. എഫ്) എൻ. വളർമതി ( എൽ.ഡി. എഫ്), ആർ. അജു (എൻ.ഡി.എ) എന്നിവർ മത്സരിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തു ബ്രിട്ടീഷുകാർ തമിഴ്‌നാട്ടിലെ ശങ്കരൻ കോവിൽ, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കുമ്പഴ തോട്ടത്തിലെ പണികൾക്കായി കൊണ്ടുവന്ന തോട്ടം തൊഴിലാളികളുടെ പിന്മുറക്കാരാണിവർ.

ലയങ്ങളിൽ ഒതുങ്ങിയ ജീവിതം
തേയില കൃഷി ചെയ്യാനായി പാട്ടത്തിനെടുത്ത മലനിരകളിൽ പണിയെടുത്ത തമിഴ് വംശജരായ തോട്ടം തൊഴിലാളികൾക്ക് അദ്ധ്വാനത്തിന്റെയു, അതിജീവനത്തിന്റെയും കഥകളാണ് പറയാനുള്ളത്. തോട്ടങ്ങളിൽ തൊഴിലാളികളെ കൊണ്ടുവരുന്നതിന് കങ്കാണി സിസ്റ്റം നിലനിന്നിരുന്നു. കങ്കാണിമാരുടെ തൊഴിൽ മേധാവിത്വം ശക്തമായ ഇടങ്ങളിൽ തൊഴിലാളികൾ അടിമകളായിരുന്നു. ഭൂമിയില്ലായ്മ, സാംസ്‌കാരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ എന്നിവ മൂലം പലർക്കും നാട്ടിലേക്ക് തിരികെ പോകാൻ കഴിഞ്ഞില്ല. ഇവർ ലയങ്ങൾ ജീവിതം കഴിച്ചുകൂട്ടി പോരുകയായിരുന്നു.