തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം കഴിഞ്ഞിട്ടും വിമതരുടെ ശല്യം യു.ഡി.എഫ് നേതൃത്വത്തിന് വലിയ തലവേദനയായി. തിരുവല്ല നഗരസഭയിലെ എട്ട് വാർഡുകളിലാണ് യു.ഡി.എഫിന് ഭീഷണിയുമായി വിമതർ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. വാർഡ് 4 കിഴക്കൻ മുത്തൂർ, 8 കോളേജ് വാർഡ്,10 ആമല്ലൂർ ഈസ്റ്റ്, 11 മീന്തലക്കര, 12 മഞ്ചാടി,15 തൈമല, 31മന്നംകരച്ചിറ, 37 ജെ.പി നഗർ എന്നിവിടങ്ങളിലാണ് ഭീഷണി.കോൺഗ്രസിനും കേരള കോൺഗ്രസിനും ആർ.എസ്.പിക്കും വിമതനീക്കം പൊല്ലാപ്പാകുമെന്ന സ്ഥിതിയാണ്. മുന്നണി സ്ഥാനാർത്ഥികളെ കൂടാതെ സ്വതന്ത്രരും വിമതരും ഉൾപ്പെടെ എട്ട് സ്ഥാനാർത്ഥികളാണ് 15 തൈമല വാർഡിൽ മത്സരിക്കുന്നത്. 4കിഴക്കൻ മുത്തൂർ വാർഡിൽ സ്വതന്ത്രവും വിമതനും ഉൾപ്പെടെ മൂന്ന് കൗൺസിലർമാർ തമ്മിലാണ് പോരാട്ടം. രണ്ടാഴ്ചയായി തുടരുന്ന സ്ഥാനാർഥി നിർണയ ചർച്ചകൾ പിന്നീട് തർക്കങ്ങളായി ഒടുവിൽ പത്രികാ സമർപ്പണമായപ്പോൾ ബഹളമായി പൊട്ടിത്തെറിയുടെ വക്കിലെത്തി.പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെ അംഗീകരിക്കാതെ പത്രിക സമർപ്പണവും നടത്തി പോരിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ് വിമതർ. ഒറിജിനൽ സ്ഥാനാർത്ഥി ആരെന്ന് പൊതുജനങ്ങൾക്ക് മനസിലാകാത്തവിധം പോസ്റ്ററും സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണവും വിമതർ കൊഴുപ്പിക്കുകയാണ്.തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. ഇന്നും നാളെയും നടക്കുന്ന അനുനയ ചർച്ചകളിലൂടെ മറ്റും വിമതരെ ഒതുക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. അതേസമയം വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിമതപക്ഷം.

എട്ടും 11ഉം വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം

തിരുവല്ല: യു.ഡി.എഫിലെ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പിടിമുറുക്കുകയാണ്.നിലവിൽ സ്ഥാനാർത്ഥികളെ നിർണയിച്ച 11സീറ്റുകൾ കൂടാതെ എട്ട് കോളേജ് വാർഡിലും 11 മീന്തലക്കര വാർഡിലും തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാൽ എട്ടിൽ കോൺഗ്രസും 11ൽ ആർ.എസ്.പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങി. ആർ.എസ്.പി.യുടെ സിറ്റിംഗ് സീറ്റാണ് മീന്തലക്കര.സിറ്റിംഗ് സീറ്റുകൾ അതാത് പാർട്ടികൾക്ക് തന്നെ നൽകണമെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിച്ചിട്ടുണ്ട്.ഇതിനെതിരെയുള്ള നീക്കം വിലപ്പോകില്ലെന്ന് ആർ.എസ്.പി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.