അടൂർ : ആരായാലും ഏവിടെയായാലും ഏത് രാഷ്ട്രീയമായാലും .... സ്ഥാനാർത്ഥിയാണോ നിങ്ങളെ സഹായിക്കാൻ ഒരാൾ കാണാമറയത്തുണ്ട്. സ്ഥാനാർത്ഥിയുടെ ഗുണഗണങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രസ്താവനയായി ഇൗ മനുഷ്യൻ എഴുതിയുണ്ടാക്കും. ദൈർഘ്യം കൂടാതെയും എതിരാളിയെ കുറ്റപ്പെടുത്താതെയും ഭാഷാസൗന്ദര്യം കൊണ്ടും ഘടനകൊണ്ടും സമ്പന്നമായ കുറിപ്പുകൾ വിവിധ സ്ഥാനാർത്ഥികൾക്കായി ഇതിനോടകം ചിട്ടപ്പെടുത്തി. പറയാനുള്ള കാര്യങ്ങൾ കഠിന പദപ്രയോഗമൊഴിവാക്കി ലളിതമായി അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. അല്പം വിനയം കൂടി ചേർത്താൽ ഇൗ അക്ഷരക്കൂട്ടുകൾ വോട്ടർമാരെ സ്വാധീനിക്കും. കഴിഞ്ഞ കാൽ നൂറ്റാണ്ടായി അടൂരിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇൗ അജ്ഞാതനുണ്ട്. എഴുത്തിന്റെ പിതൃത്വം ഉയർത്തിക്കാട്ടാതെ ജനമദ്ധ്യത്തിൽ തുടരാനാണ് ഇൗ വോട്ടെഴുത്തുകാരന് ആഗ്രഹം.
എഴുതി കൊടുത്ത പ്രസ്താവനകളുമായി വീടുകയറിയിട്ടുള്ള സ്ഥാനാർത്ഥികൾ ഇതുവരെ തേറ്റിട്ടില്ലെന്നതാണ് എഴുത്തിൻ്റെ കൈപുണ്യം. ഇടതു സഹയാത്രികനായ അടൂരിലെ ബിസിനസുകാരനാണെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികളും പ്രസ്താവന തയ്യാറാക്കാൻ സമീപിക്കാറുണ്ട്.
25 വർഷമായി അടൂർ നഗരസഭയിലെ കൗൺസിലറും ഒരു തവണ നഗരസഭ ചെയർമാനുമായ കോൺഗ്രസിലെ ഉമ്മൻ തോമസിനാണ് ആദ്യ പ്രസ്താവന എഴുതി നൽകിയത്. ഇക്കുറിയും ഉമ്മൻ തോമസ് പ്രസ്താവന എഴുതി വാങ്ങി. കൈപുണ്യം കേട്ടറിഞ്ഞ് ഓരോ തിരഞ്ഞെടുപ്പിലും ഭാഗ്യാക്ഷരക്കാരനെ തേടി സ്ഥാനാർത്ഥികൾ എത്താറുണ്ട്. വന്നവരെ ആരെയും നിരാശരാക്കി മടക്കിയിട്ടില്ല. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലും അടൂർ നഗരസഭയിലും പത്തനംതിട്ട ജില്ലാ പഞ്ചായത്തിലും കഴിഞ്ഞ നിരവധി തിരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച ഭൂരിപക്ഷം പേരുടെയും പ്രസ്താവന എഴുതിയത് ഇദ്ദേഹമാണ്. ഇക്കുറി ജില്ലാ പഞ്ചായത്തിലേത് ഉൾപ്പെടെ ഒരു ഡസനിലധികം സ്ഥാനാർത്ഥികൾക്ക് പ്രസ്താവന എഴുതി നൽകി. സ്ഥാനാർത്ഥികൾക്ക് പുറമേ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നവർ നോട്ടീസ് തയ്യാറാക്കാനും നടനും ഗായകനുമായ ഈ കലാകാരനെ സമീപിക്കാറുണ്ട്.