bridge
പെരിങ്ങര ഗണപതിപുരം പാലത്തിന്റെ മണ്ണ് പരിശോധന തുടങ്ങിയപ്പോൾ

തിരുവല്ല: കാലപ്പഴക്കത്താൽ തകർച്ചയിലായ പെരിങ്ങര ഗണപതിപുരം പാലം പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചു. പാലത്തിന്റെ ഇരു കരകളിലെയും മണ്ണ് പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. പെരിങ്ങര 13ാം വാർഡിൽ കണ്ണാട്ടുകുഴി - ചാത്തങ്കരി തോടിന് കുറുകെ ചെറു വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ വീതിയുള്ള പാലമാണ് പുനർനിർമിക്കുന്നത്. രാജ്യസഭാ എം.പിയായിരുന്ന ഇ.ബാലാനന്ദന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ചെലവഴിച്ച്‌ നിർമ്മിച്ച പാലമാണിത്. ഏതാണ്ട് മുപ്പത് വർഷത്തോളം കാലപ്പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളേറെയായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ വലിയ തടികൾ ഉൾപ്പെടെ പാലത്തിൽ തടഞ്ഞുകിടന്നതും പാലം ബലക്ഷയമാകാൻ കാരണമായി.പാലത്തിന്റെ കൈവരികളും സംരക്ഷണ ഭിത്തിയും തകരാറിലാണ്.ബലക്ഷയമുള്ള പാലത്തിലൂടെയുള്ള യാത്ര അപകട ഭീഷണിയുയർത്തുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

പെരിങ്ങര നെടുമ്പ്രം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗണപതിപുരം പാലത്തിന് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ടുകോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.

മാത്യു ടി.തോമസ്

(എം.എൽ.എ)

പാലത്തിന് 2 കോടി അനുവദിച്ചു