ചെങ്ങന്നൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു സംബന്ധിച്ച് പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഇന്നലെ ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിൽ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും വൻ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ മറന്നാണ് പൗബോധമുള്ളവർ പെരുമാറിയതെന്ന് ആക്ഷേപമുണ്ട്. സൂക്ഷ്മ പരിശോധന വേളയിൽ സ്ഥാനാർഥിക്കൊപ്പം രണ്ട് പേർക്ക് മാത്രമാണ് വരണാധികാരിയുടെ മുറിയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. 27 വാർഡിലെ മത്സരാർത്ഥികളായ 156 പേരും അവരോടൊപ്പം പ്രവർത്തകരും ആർ.ഡി.ഒ ഓഫീസ് മുറ്റത്ത് തടിച്ചുകൂടി യിരുന്നു. 247 പത്രികകളാണ് വരണാധികാരിമുൻപിൽ കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെട്ടത്. ഏകദേശം 400ൽ പരം പേർ ഇവിടെ സൂക്ഷ്മപരിശോധന ദിവസമായ ഇന്നലെ ഒരേ സമയം ചിലവഴിച്ചു. സാമൂഹിക അകലം മറന്ന് സർക്കാർ മാനദണ്ഡങ്ങൾ ഒക്കെയും അവർ കാറ്റിൽ പറത്തി. ഒന്നു മുതൽ 27 വരെയുള്ള വാർഡിലെ സ്ഥാനാർത്ഥികൾ ഇന്നലെ രാവിലെ 11ന് എത്താൻ അധികൃതർ നിർദ്ദേശിച്ചതിനാലാണ് ഇവിടെ ഒരേ സമയം എത്താൻ കാരണമെന്ന് സ്ഥാനാർത്ഥികളും പ്രവർത്തകരും പറഞ്ഞു. വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെയാണ് എത്തിയത്. ഇത്രയധികം പേർക്കുള്ള ശുചിമുറി സൗകര്യങ്ങൾ ഇവിടെ ഇല്ലാത്തതിനാൽ വനിതകൾ സമീപമുള്ള വീടുകളെയും സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടി വന്നു. ഓരോ വാർഡിനും പ്രത്യേകം സമയം അനുവദിച്ചിരുന്നുവെങ്കിൽ ഈ തിരക്ക് ഒഴിവാക്കാമായിരുന്നു. അക്ഷരാർത്ഥത്തിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനമാണ് ഇവിടെ നടന്നത്. വൈകിട്ട് 6ന് സൂക്ഷ്മ പരിശോധന പൂർത്തിയായി.