22-perisery-adipatha
പേരിശ്ശേരി റെയിൽവേ അടിപ്പാത

ചെങ്ങന്നൂർ: ശബരിമലയുടെ ഇടത്താവളം എന്നറിയപ്പെടുന്ന തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്‌റ്റേഷനാണ് ചെങ്ങന്നൂർ. ഈ റെയിൽ വേസ്റ്റേഷന്റെ പ്‌ളാറ്റ് ഫോമിന് അടിവശത്തുകൂടിയാണ് മാവേലിക്കര- കോഴഞ്ചേരി (എം.കെ റോഡ്) കടന്നുപോകുന്നത്. വെറും 10 മീറ്റർ മാത്രമേ നീളമുളളു പേരിശേരി റെയിൽവേ അടിപ്പാതയ്ക്ക്. മേൽപ്പാലത്തിൽ നിന്നും മലിനജലവും മനുഷ്യവിസർജ്യവും താഴേക്ക് ഒലിച്ചിറങ്ങുകയും അടിപ്പാതയിൽ വെളളക്കെട്ടും രൂപപ്പെട്ടിട്ട് വർഷങ്ങളായി. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി.മലിന ജലവും വെള്ളക്കെട്ടും ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഇതുവരെ ചിലവാക്കിയത് 20 ലക്ഷത്തിലധികം രൂപയാണ്. അടിപ്പാതയിലൂടെ കാൽനടയായോ ബൈക്കിലോ യാത്രചെയ്താൽ മുകളിൽ നിന്ന് മലിന ജലത്തിൽ കുളിച്ചതു തന്നെ.നാളിതുവരെ ഇതിന് നടപടിയായിട്ടില്ല. റെയിൽവേ സ്റ്റേഷന് തൊട്ടു തെക്കുവശത്ത് സ്ഥിതിചെയ്യുന്ന പേരിശേരി മേൽപ്പാലത്തിൽ നിന്നും വീഴുന്ന മലിനജലവും മനുഷ്യവിസർജ്യവും തലയിൽ വീഴാതിരിക്കാൻ കുടചൂടിനടന്നാലും രക്ഷയില്ല. മറ്റ് വാഹനങ്ങൾ ഈ സമയം കടന്നു വന്നാൽ മലിനജലത്തിൽ കുളിക്കുമെന്ന് ഉറപ്പാണ്. തുടർച്ചയായി മഴപെയ്തതോടെ ഇതുവഴിയുളള യാത്ര ഏറെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റെയിൽവേയുടെ നിസഹകരണമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ചെറിയ മഴയിലും മുട്ടോളം വെള്ളം

ചെറിയ മഴയ്ക്ക് തന്നെ ഇവിടെ വെള്ളം മുട്ടോളമുയരും.നിരത്തിൽ കോൺക്രീറ്റ് കട്ടകൾ പാകിയും വശങ്ങളിലെ ഓടയുടെ ദ്വാരം വലുതാക്കിയും പണികൾ ഏറെ നടത്തി. എന്നിട്ടും വെള്ളക്കെട്ട് ഒഴിയുന്നില്ല. വെള്ളക്കെട്ട് കാരണം കോൺക്രീറ്റ് കട്ടകൾ ഇളകി വലിയ കുഴികൾ അടിപ്പാതയുടെ ഇരുവശത്തും രൂപപ്പെട്ടിട്ടുണ്ട്.പാതയിലൂടെ ടെലിഫോൺ കേബിളുകൾ സുരക്ഷിതമായി കടന്നു പോകാൻ കോൺക്രീറ്റ് ബോക്‌സ് നിർമ്മിച്ചിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുകുറച്ച് പൊളിച്ചെങ്കിലും വിജയിച്ചില്ല.അടിപ്പാത റോഡ് നിരപ്പാക്കി സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കി കളയാൻ മൂന്നു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കിയിരുന്നു.റെയിൽവേയുടെ അനുമതി തേടി കത്തെഴുതിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.

റെയിൽവേയുടെ അനുമതി വേണം

റെയിൽപാളം താങ്ങി നിറുത്തുന്ന തൂണുകളുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ.അതിനാൽ അടിപ്പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവേ അനുമതി നിർബന്ധമാണ്.റെയിൽവേയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും എൻജിനീയറിംഗ് വിഭാഗങ്ങൾ ചേർന്ന് പദ്ധതി തയാറാക്കി നടപ്പാക്കിയാൽ വെള്ളക്കെട്ടിനും മാലിന്യത്തിനും പരിഹാരമാകും. ഇതിന് ബന്ധപ്പെട്ടവർ ആരും തന്നെ മുൻകൈ എടുക്കുന്നില്ലെന്ന ആക്ഷേപവും പരാതിയും വ്യാപകമാണ്.

-റെയിൽവേഅടിപ്പാതയുടെ നീളം 10 മീറ്റർ

-വെള്ളക്കെട്ട് ഒഴിവാക്കാൻ ചിലവാക്കിയത് 20 ലക്ഷം രൂപ