ശബരിമല: മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച ശേഷം ഇതാദ്യമായി 2000 തീർത്ഥാടകർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തി. എന്നാൽ സന്നിധാനത്ത് കാര്യമായ തിരക്കുകളാെന്നും അനുഭവപ്പെട്ടില്ല. അയ്യായിരം പേർ എത്തിയാലും കൊവിഡ് മാനദണ്ഡം പാലിച്ച് സുഗമമായി ദർശനം നടത്താനാകും. 1000 പേരെ നിശ്ചിത അകലത്തിൽ ഒരേസമയം നിറുത്താൻ മരക്കൂട്ടം ,ശരംകുത്തി വഴി സന്നിധാനത്തേക്കുള്ള പാതയിൽ സൗകര്യമുണ്ട്. ഈ പാത ഇനിയും തുറന്നിട്ടില്ല. ക്യൂ കോംപ്ളക്സ്, നടപന്തൽ എന്നിവ മരക്കൂട്ടം മുതലുണ്ട്. ഇന്നലെ മാത്രമാണ് ഭക്തരുടെ സാന്നിദ്ധ്യം മുഴുവൻ സമയവും പ്രകടമായത്. കഴിഞ്ഞ ദിവസങ്ങളിൽ പതിനൊന്നു മണി കഴിഞ്ഞാൽ വിരലിൽ എണ്ണാവുന്ന തീർത്ഥാടകർ എത്തുന്ന കാഴ്ചയായിരുന്നുവെങ്കിൽ, ഇന്നലെ ഉച്ചപൂജ കഴിഞ്ഞപ്പോഴും തീർത്ഥാടകർ എത്തുന്നുണ്ടായിരുന്നു. പമ്പയിൽ നിന്ന് പുറപ്പെട്ട തീർത്ഥാടകരെല്ലാം ദർശനം നടത്തി എന്നുറപ്പ് വരുത്തിയ ശേഷമാണ് നടഅടച്ചത്. വൈകിട്ട് 6 മണിയോടെ നടപ്പന്തൽ കാലിയാവുകയും ചെയ്തു. 1768 തീർത്ഥാടകരെയാണ് വൈകിട്ട് 5 വരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അയച്ചത്. നിശ്ചിത 2000 പേർക്ക് പുറമേ 1000 പേരേകൂടി റിസർവായി ഉൾപ്പെടുത്തിയിരുന്നു. നിലയ്ക്കലിൽ കൊവിഡ് പരിശോധനയ്ക്കായി കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തിയാൽ കൂടുതൽ തീർത്ഥാടകരെ സന്നിധാനത്തേക്ക് അയയ്ക്കാൻ കഴിയും. സർക്കാരിന്റെ സൗജന്യ ആൻ്റിജൻ പരിശോധയുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ഷെഡ്യൂൾ സമയത്ത് എത്തണമെന്ന നിബന്ധനയാണ് തടസമാകുന്നത്. സമയപരിധിക്കുള്ളിൽ എത്താത്തവർ സ്വകാര്യ ലാബുകളിൽ 625 രൂപ അടച്ച് പരിശോധനയ്ക്ക് വിധേയമാകണം. തീർത്ഥാടകരുടെ തിരക്കുള്ള രാവിലെയും ഉച്ചകഴിഞ്ഞും പരിശോധനാ ഫലം ലഭിക്കാൻ രണ്ട് മണിക്കൂർ വരെ കാത്തുനിൽക്കേണ്ടതായി വരുന്നു.
സുരക്ഷ ഉറപ്പാക്കും
രാത്രി 9ന് നടഅടച്ച ശേഷം മലയിറങ്ങുന്നവരെ സി.സി.ടി.വിയിലൂടെ നിരീക്ഷിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കാൻ ശബരിമലയിൽ
ചേർന്ന ഹൈ ലെവൽ കമ്മിറ്റി തീരുമാനിച്ചു.
പൂർണ സജ്ജം: സന്നിധാനം ഗവ.ആശുപത്രി
ശബരിമല: മല കയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തർക്കും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ ആശ്രയമാകുകയാണ് വലിയ നടപ്പന്തലിന് സമീപത്തെ ഗവ.ആശുപത്രി. ആവശ്യമായ മരുന്നുകളും, ഉപകരണങ്ങളും ജീവനക്കാരും ആശുപത്രിയിൽ 24 മണിക്കൂറും സജ്ജമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ.അരുൺ പ്രതാപ് പറഞ്ഞു.
14 ന് ആരംഭിച്ച ആശുപത്രിയിൽ ഇതുവരെ 330 രോഗികൾക്ക് ചികിത്സ നൽകി കഴിഞ്ഞു. ഉദ്യോഗസ്ഥരാണ് അധികവും ചികിത്സക്കായി എത്തിയിട്ടുള്ളത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തു നിന്ന് ആംബുലൻസിൽ പമ്പയിൽ വരെയാണ് രോഗിയെ എത്തിക്കുക. പമ്പയിൽ നിന്ന് വേറെ ആബുലൻസിലാകും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുക.
ഇതുവരെ കൊവിഡ് രോഗലക്ഷണം കണിച്ച ഏഴു പേരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, അവർക്കെല്ലാം തന്നെ നെഗറ്റീവ് റിസൽട്ടാണ് ലഭിച്ചത്. ഏഴു ഡോക്ടർമാർ, മൂന്നു സ്റ്റാഫ് നഴ്സുമാർ, മൂന്ന് ഫാർമസിസ്റ്റുകൾ, ഒരു സ്റ്റോർ ഇൻ ചാർജ് തുടങ്ങി 22 പേരാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ആശുപത്രിയിൽ രണ്ടു വെന്റിലേറ്ററുകൾ, നാല് ഡീഫിബിലേറ്റർ, ഓക്സിജൻ സിലണ്ടറുകൾ, മെഡിക്കൽ ലാബ്, എക്സ്രേ ലാബ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.