പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് ആര് ഭരിക്കും?. യു.ഡി.എഫിനും എൽ.ഡി.എഫിനും ഒട്ടും സംശയമില്ല. ഒറ്റച്ചാേദ്യത്തിന് ഒരുമിച്ചായിരുന്നു മറുപടി, ''ഞങ്ങൾ ഭരിക്കും''. ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് എൻ.ഡി.എയും. ഇത്തവണ മത്സരം കടുത്തതായിരിക്കുമെന്ന് മൂന്ന് മുന്നണികൾക്കും സംശയമില്ല.
പ്രസ്‌ക്ലബ് സംഘടിപ്പിച്ച തദ്ദേശം 2020 സംവാദം പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അന്നപൂർണാദേവി, മുൻ വൈസ് പ്രസിഡന്റ് എ.പി. ജയൻ, സ്ഥാനാർഥികളായ ഓമല്ലൂർ ശങ്കരൻ (സി.പി.എം), റോബിൻ പീറ്റർ (കോൺഗ്രസ്), അശോകൻ കുളനട (ബി.ജെ.പി) എന്നിവർ പങ്കെടുത്തു. പ്രസ് ക്ളബ് പ്രസിഡന്റ് ബാേബി ഏബ്രഹാം മോഡറേറ്ററായിരുന്നു.
സമഗ്രമായ വികസന കാഴ്ചപ്പാടോടെ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച ഭരണസമിതികളായിരുന്നു യു.ഡി.എഫിന്റേത്. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിലെ നേട്ടങ്ങൾ പ്രധാന പ്രചാരണമാകും. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനും ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകി പദ്ധതികൾ നടപ്പാക്കി.
പുതിയ ഭരണസമിതിക്ക് വ്യക്തമായ ദിശാബോധം ഉണ്ടാകണം. കാർഷിക മേഖലയിൽ പുതിയ പദ്ധതികളുണ്ടാകണം. കൃഷി, ടൂറിസം, ചെറുകിട ജലവൈദ്യുതി പദ്ധതി മേഖലകളിൽ മികച്ച കാഴ്ചപ്പാടോടെ മാതൃകാപരമായ പദ്ധതികൾ അവതരിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് ശ്രമിക്കണം. ദുരന്ത നിവാരണ മേഖലയിൽ സ്ഥിരമായ ഒരു വോളണ്ടിയർ പ്രസ്ഥാനത്തെ രൂപപ്പെടുത്താനാകണം. പാൽ ഉത്പാദനരംഗത്ത് സ്വയംപര്യാപ്തതയിലേക്ക് ജില്ലയ്ക്കു നീങ്ങാനാകും.
പദ്ധതികളിലൂടെ ചെലവഴിക്കപ്പെടുന്ന പണം സാധാരണക്കാരിലെത്തുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആസൂത്രണസമിതിക്കാണ്. നദീ സംരക്ഷണം, ഉത്പാദനവർദ്ധനയ്ക്ക് ഉതകുന്ന പദ്ധതികൾ എന്നിവയ്ക്ക് പ്രധാന്യം നൽകാനാണ് എൽ.ഡി.എഫ് താത്പര്യപ്പെടുന്നത്. പത്തനംതിട്ട നഗരത്തിലേതടക്കമുള്ള മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ജില്ലയ്ക്കാകമാനം സംസ്‌കരണ പദ്ധതി ഉണ്ടാകണം. ജില്ലാ സ്റ്റേഡിയം വികസനത്തിലടക്കം വിശാലമായ താത്പര്യങ്ങളാണ് വളർന്നുവരേണ്ടത്.
സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന പലപദ്ധതികളുടെയും നടത്തിപ്പ് ചുമതലയാണ് ജില്ലാ പഞ്ചായത്തിനെ പലപ്പോഴും ഏല്പ്പിക്കുന്നത്. ലൈഫ് മിഷൻ, ഹരിതകേരളം അടക്കം സംസ്ഥാനത്ത് രൂപീകരിച്ചിട്ടുള്ള പദ്ധതികളുടെ നിർവഹണ ചുമതല ത്രിതല പഞ്ചായത്തുകളെ ഏല്പ്പിക്കാറുണ്ട്. പക്ഷേ ഫണ്ട് നൽകാറില്ല. കാലോചിതമായ മാറ്റം മാർഗനിർദേശങ്ങളിൽ ഉണ്ടാകണം. പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാവുന്ന പദ്ധതികളെ സംബന്ധിച്ച നിലവിലെ നിർദേശങ്ങൾ പരിഷ്‌കരിക്കണം.
യു.ഡി.എഫും എൽ.ഡി.എഫും ഭരിച്ചപ്പോൾ ഏകോപനമില്ലാത്ത സമീപനമാണ് ജില്ലയിൽ സ്വീകരിച്ചത്. പദ്ധതി പണം ചെലവഴിച്ചത് രേഖകളിലുണ്ടാകും. അതിന്റെ മേന്മ അവകാശപ്പെടുകയും ചെയ്യുമെങ്കിലും ജനങ്ങൾക്ക് എന്തുമാത്രം പ്രയോജനമുണ്ടായി എന്നത് ആരും പരിശോധിക്കുന്നില്ല. ഓമനപ്പേരുകളിട്ട് പദ്ധതികൾ പ്രഖ്യാപിച്ച് തദ്ദേശസ്ഥാപനങ്ങളെ ഏല്പിക്കുമ്പോൾ സർക്കാർ വിഹിതം നല്കാറില്ല. വികസനോത്മുഖ സമീപനമല്ല സംസ്ഥാനത്തു സ്വീകരിച്ചുവരുന്നത്.