കോഴഞ്ചേരി: നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ ഇനി പാർട്ടികളിലും മുന്നണികളിലും 'ശുദ്ധി ക്രിയ'കളുടെ മണിക്കൂറുകളാണ്.
വിമതരെയും ഇടഞ്ഞുനിൽക്കുന്നവരെയും അനുനയിപ്പിക്കാനും പത്രിക പിൻവലിപ്പിക്കാനുമുള്ള തീവ്രശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ മുന്നണികൾക്കു മുമ്പിലുള്ളത് രണ്ടുദിനം കൂടി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെയാണ്. ഇതിനു ശേഷം മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ.
മുന്നണി സീറ്റ് ധാരണയിൽ പ്രിയപ്പെട്ട സീറ്റുകൾ മറ്റുള്ളവർക്കായി നീക്കിവച്ചതും യുവത്വത്തിന് മുന്തിയ പരിഗണന നൽകിയതും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നനങ്ങളുമാണ് ഒട്ടുമിക്ക പഞ്ചായത്തുകളിലും വിമതരുടെ രംഗപ്രവേശനത്തിന് ഇടയാക്കിയത്. സംവരണത്തിലെ മാറ്റങ്ങൾ പലരുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ചതും വിമത നീക്കങ്ങൾക്ക് ആക്കംകൂട്ടി.
വിമതർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന പാർട്ടികളുടെ മുന്നറിയിപ്പുകൾ വകവയ്ക്കാതെയാണ് പലരും പത്രിക നൽകിയത്. രണ്ടോ മൂന്നോ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ മാത്രം മുന്നണികൾ ഭരണം പിടിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വിമതർ മുന്നണികൾക്ക് പ്രിയപ്പെട്ടവരായി മാറിയ കഥകളും കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ചരിത്രങ്ങളിലുണ്ട്.
രാഷ്ട്രീയത്തെക്കാളുപരി വ്യക്തി ബന്ധങ്ങൾ സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ പഞ്ചായത്തുകളിൽ വിമതരുടെ സാന്നിദ്ധ്യം മുന്നണികൾക്ക് തലവേദന സൃഷ്ടിക്കാനാണ് സാദ്ധ്യത.
ചില വിമത നീക്കങ്ങൾ
ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്കാണ് വിമത ഭീഷണി ഏറെയും. തോട്ടപ്പുഴശേരി പഞ്ചായത്ത് ഒന്നാംവാർഡിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനെതിരെ കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് വനിതാഅംഗം വിമത ഭീഷണിയുമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ തനിക്കെതിരെ റിബലായി നിന്ന സ്ഥാനാർത്ഥിയുടെ ഭർത്താവിന് ഇത്തവണ സീറ്റ് നൽകിയതാണ് പ്രകോപനത്തിന് കാരണം. അഞ്ചാം വാർഡ് അംഗമായിരുന്ന ബിജു ജോർജിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് 13ാം വാർഡിൽ സ്വതന്ത്രനായി അദ്ദേഹം മൽസരിക്കുന്നു. ഈ വാർഡിൽ 8 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കോഴഞ്ചേരി പഞ്ചായത്ത് 1,9 വാർഡുകളിലാണ് യു.ഡി.എഫിന് വിമതർ ഭീഷണി ഉയർത്തുന്നത്. പഞ്ചായത്തിൽ സി.പി.എമ്മിന് ഭീഷണിയായി സി.പി.ഐ 4 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പരീക്ഷിക്കുന്നുമുണ്ട്. ഇവിടെ മുന്നണി ബന്ധം ഉപേക്ഷിച്ചാണ് സി.പി.ഐയുടെ മത്സരം. നാരങ്ങാനത്ത് അഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ക്കും വാർഡ് എട്ടിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനും എതിരെ വിമതർ രംഗത്തുണ്ട്. കോയിപ്രത്ത് ആറാം വാർഡിൽ സി.ഐ.ടി.യു നേതാവിന്റെ ഭാര്യ കൈപ്പത്തി ചിഹ്നത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും വിമത ഭീഷണിയ്ക്കിടെ എൽ.ഡി.എഫിന് തലവേദനയാകുന്നു.