വള്ളിക്കോട്: കേരളത്തിൽ കൂടുതൽ വികസനത്തിന് വേണ്ടി സർക്കാരിനെ സഹായിക്കാൻ സഹകരണ കൺസോർഷ്യം രൂപീകരിക്കണമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ. ആവശ്യപ്പെട്ടു. കോഴഞ്ചേരി-കോന്നി താലൂക്ക്തല സഹകരണ വാരാഘോഷ സമാപനം ഉദ്ഘാടനം വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോഴൊക്കെ കേരളത്തിലെ സർക്കാരിനെ സഹായിച്ചിട്ടുള്ളത് സഹകരണ മേഖലയാണ്. അഞ്ചിൽ കൂടുതൽ സഹകരണ സ്ഥാപനങ്ങൾ ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് പ്രത്യുൽപാദനപരമായ വികസന പരിപാടികൾ നടപ്പിലാക്കുവാൻ കഴിയണം. അതിന് വേണ്ട നിയമ നിർമ്മാണം നടത്തുവാൻ മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവരോട് ആവശ്യപ്പെടുമെന്ന് ജനീഷ് കുമാർ പറഞ്ഞു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ ഡി.ഉല്ലാസ് കുമാർ,വി.ജി.ഗോപകുമാർ, കോന്നി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എസ്.ബിന്ദു,പി.ജി.പുഷ്പരാജൻ, സി.ജി.രഘുകുമാർ,ആർ.പ്രകാശ് എന്നിവർ പ്രസംഗിച്ചു.