തിരുവല്ല: കനത്തമഴയിൽ പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ പാടശേഖരത്തിൽ ഹെക്ടർ കണക്കിന് നെൽക്കൃഷി വെള്ളത്തിലായി. കൃഷിയിടത്തിൽ വെള്ളം കയറിയതോടെ കർഷകർ ആശങ്കയിലായി. പഞ്ചായത്തിലെ മേപ്രാൽ,പടവിനകം എ,ബി, ആറാം വാർഡിൽ വേങ്ങൽ ആലംതുരുത്തിയിൽ 150 ഏക്കറോളം പെരുംതുരുത്തി തെക്ക്, കൈപ്പുഴ കിഴക്ക് പാടശേഖരങ്ങളിലെ നെൽപാടത്താണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത ശക്തമായ മഴയിൽ നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതോടെയാണ് തോടുകളിലൂടെയും ചെറുപുഴകളിലൂടെയും പാടശേഖരത്തിലേക്ക് വെള്ളം കയറിയത്. ഈമാസം വിത്ത് വിതച്ച പാടശേഖരങ്ങളാണ് മഴയിൽ മുങ്ങിയത്. വിത്ത് വെള്ളത്തിൽക്കിടന്ന് ചീഞ്ഞുപോകുമോയെന്ന ആശങ്കയിലാണ് കർഷകർ. ഇടവിട്ട് ചെറിയ മഴപെയ്തിരുന്നെങ്കിലും വെള്ളിയാഴ്ച വൈകിട്ട് പെയ്ത മഴയാണ് കൃഷിക്ക് കനത്ത ഭീഷണിയായതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ പാടശേഖരത്തിൽ വെള്ളം കയറിയിരുന്നു. പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിക്കാനുള്ള നടപടികളും കർഷകർ ആരംഭിച്ചു കഴിഞ്ഞു.