ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിന്റെ വികസനം വേഗത്തിലാക്കാൻ സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പടയൊരുക്കം നടക്കുമ്പോൾ സി.പി.ഐയിലെ ഒരു നേതാവിന്റെ നേതൃത്വത്തിൽ ചില അസ്വാരസ്യങ്ങൾ തുടക്കത്തിലെ മുന്നണിയിൽ ഉണ്ടായിരുന്നതായി വിവരം. സജി ചെറിയാൻ എം.എൽ.എയ്‌ക്കെതിരെ പരോക്ഷമായി കോൺഗ്രസിനേയും ബി.ജെ.പിയേയും കൂട്ടുപിടിച്ച് സി.പി.ഐയിലെ ഒരു വിഭാഗം ചില രാഷ്ടീയ നീക്കങ്ങൾ മുമ്പ് നടത്തിയിരുന്നു. എങ്കിലും ഇതിനെതിരെ സി.പി.ഐയിലെ മറു വിഭാഗം എം.എൽ.എയോടൊപ്പം ശക്തമായി രംഗത്തുണ്ട്. എന്നാൽ നഗരസഭ പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളുമായി എം.എൽ.എ സജീവമായി രംഗത്തുണ്ട്. നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയും ചെയർമാനും തടസം സൃഷ്ടിക്കുകയും പല പദ്ധതികൾക്കുമെതിരെ കോടതി കേസ് നൽകി വികസനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എം.എൽ.എ തന്നെ പരസ്യമായി ഉന്നയിച്ചിരുന്നു.
ഗ്രൂപ്പ് പോരും പടലപ്പിണക്കങ്ങളുമായി യു.ഡി.എഫ്
ചെങ്ങന്നൂർ നഗരത്തിൽ മാറ്റത്തിനൊരു വോട്ട് എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് മത്സരിക്കുമ്പോൾ പടലപിണക്കങ്ങളും ഗ്രൂപ്പ് പോരുകളും യു.ഡി.എഫിൽ ശക്തമാകുന്നു എന്നതാണ് സ്ഥിതി. ഐ ഗ്രൂപ്പിൽ തന്നെ രണ്ട് വിഭാഗങ്ങൾ സ്ഥാനാർത്ഥി നിർണയത്തിൽ വ്യത്യസ്ഥ നിലപാടിൽ നിൽക്കുമ്പോൾ എ ഗ്രൂപ്പിലും ഇതു പോലെ രണ്ടു വിഭാഗങ്ങൾ നിലപാടെടുക്കുന്നു എന്നതാണ് മുന്നണി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. 16ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും മാത്രമായി. ഏതായാലും വരും ദിവസങ്ങളിൽ ചെങ്ങന്നൂരിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പോരാട്ടം ശക്തമാകുമെന്നാണ് കരുതുന്നത്.