ശബരിമല: ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു സർക്കാരിന് കത്തുനൽകി.
കഴിഞ്ഞ ഒരാഴ്ചത്തെ തീർത്ഥാടനം വിലയിരുത്തിയ ശേഷമാണ് കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ ബോർഡ് തീരുമാനിച്ചത്.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത 1000 പേർക്കായിരുന്നു ആദ്യദിനങ്ങളിൽ പ്രവേശനം. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ഇത് 2000 ആയി ഉയർത്തി. എന്നിട്ടും കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ച് ദർശനം നടത്താനായി. 3000 മുതൽ 5000 വരെ തീർത്ഥാടകർക്ക് പ്രതിദിനം ദർശനം നടത്താനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
നടവരവിൽ വൻകുറവുണ്ടായതോടെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യം കൂടി കണക്കിലെടുത്താണ് കൂടുതൽ പേർക്ക് ദർശനത്തിന് ദേവസ്വം ബോർഡ് ശ്രമം നടത്തുന്നത്. 5000 തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൊവിഡ് ടെസ്റ്റിന് കൂടുതൽ ക്രമീകരണം വേണം
നിലയ്ക്കലിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യ വകുപ്പിന് പുറമേ 3 സ്വകാര്യ ലാബുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇതിൽ രണ്ട് ലാബുകാർ അവരുടെ കൗണ്ടറുകൾ തുടങ്ങി. പത്തനംതിട്ട, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലും തീർത്ഥാടകർ വന്നിറങ്ങുന്ന പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ടെസ്റ്റ് നടത്താൻ സൗകര്യമൊരുക്കിയാൽ കൂടുതൽ തീർത്ഥാടകർക്ക് ദർശനാനുമതി നൽകാൻ കഴിയും.
വരുമാനത്തിൽ വൻഇടിവ്
തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിൽ വൻ ഇടിവാണ് ആദ്യ ആഴ്ച ഉണ്ടായത്. ദിവസം ശരാശരി മൂന്നരക്കോടി രൂപ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 10 ലക്ഷത്തിൽ താഴെയാണ് വരുമാനം. മാർച്ച് മുതൽ ഇതുവരെ ഏകദേശം 350 കോടി രൂപയുടെ കുറവാണുള്ളത്. കഴിഞ്ഞ വർഷം നാളികേരം, കടകൾ, വഴിപാട് സാധനങ്ങൾ എന്നിവയുടെ ലേലത്തിലൂടെ 35 കോടി രൂപ ലഭിച്ചു. എന്നാൽ ഇത്തവണ 4 കോടി രൂപയാണ് ലഭിച്ചത്. നടവരവ് ഇല്ലെങ്കിലും മറ്റ് ചെലവുകൾക്ക് കുറവില്ല.