sabarimala

ശബരിമല: ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു സർക്കാരി​ന് കത്തുനൽകി​.

കഴിഞ്ഞ ഒരാഴ്ചത്തെ തീർത്ഥാടനം വി​ലയി​രുത്തി​യ ശേഷമാണ് കൂടുതൽ പേരെ പ്രവേശി​പ്പി​ക്കാൻ ബോർഡ് തീരുമാനി​ച്ചത്.

വെർച്വൽ ക്യൂ സംവി​ധാനത്തി​ലൂടെ ബുക്ക് ചെയ്ത 1000 പേർക്കായി​രുന്നു ആദ്യദി​നങ്ങളി​ൽ പ്രവേശനം. കഴി​ഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ഇത് 2000 ആയി​ ഉയർത്തി​. എന്നി​ട്ടും കൊവി​ഡ് മാനദണ്ഡങ്ങളും സാമൂഹി​ക അകലവും പാലി​ച്ച് ദർശനം നടത്താനായി​. 3000 മുതൽ 5000 വരെ തീർത്ഥാടകർക്ക് പ്രതിദിനം ദർശനം നടത്താനാകുമെന്നാണ് ദേവസ്വം ബോർഡി​ന്റെ വി​ലയി​രുത്തൽ.

നടവരവിൽ വൻകുറവുണ്ടായതോടെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യം കൂടി​ കണക്കി​ലെടുത്താണ് കൂടുതൽ പേർക്ക് ദർശനത്തി​ന് ദേവസ്വം ബോർഡ് ശ്രമം നടത്തുന്നത്. 5000 തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴി​ഞ്ഞ ദി​വസം പറഞ്ഞി​രുന്നു.

കൊവിഡ് ടെസ്റ്റി​ന് കൂടുതൽ ക്രമീകരണം വേണം

നിലയ്ക്കലിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യ വകുപ്പിന് പുറമേ 3 സ്വകാര്യ ലാബുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇതിൽ രണ്ട് ലാബുകാർ അവരുടെ കൗണ്ടറുകൾ തുടങ്ങി. പത്തനംതിട്ട, വടശേരിക്കര, എരുമേലി എന്നിവി​ടങ്ങളിലും തീർത്ഥാടകർ വന്നിറങ്ങുന്ന പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ടെസ്റ്റ് നടത്താൻ സൗകര്യമൊരുക്കിയാൽ കൂടുതൽ തീർത്ഥാടകർക്ക് ദർശനാനുമതി നൽകാൻ കഴിയും.

വരുമാനത്തിൽ വൻഇടിവ്

തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിൽ വൻ ഇടിവാണ് ആദ്യ ആഴ്ച ഉണ്ടായത്. ദിവസം ശരാശരി മൂന്നരക്കോടി രൂപ ലഭി​ച്ച സ്ഥാനത്ത് ഇപ്പോൾ 10 ലക്ഷത്തിൽ താഴെയാണ് വരുമാനം. മാർച്ച് മുതൽ ഇതുവരെ ഏകദേശം 350 കോടി രൂപയുടെ കുറവാണുള്ളത്. കഴിഞ്ഞ വർഷം നാളികേരം, കടകൾ, വഴിപാട് സാധനങ്ങൾ എന്നി​വയുടെ ലേലത്തിലൂടെ 35 കോടി രൂപ ലഭിച്ചു. എന്നാൽ ഇത്തവണ 4 കോടി രൂപയാണ് ലഭിച്ചത്. നടവരവ് ഇല്ലെങ്കിലും മറ്റ് ചെലവുകൾക്ക് കുറവില്ല.