sabari
സന്നി​ധാനത്ത് ഇന്നലെ നടന്ന പടി​പൂജ

ശബരിമല: ശനി, ഞായർ ദിവസങ്ങളിലായി 2000 തീർത്ഥാടകർക്ക് ദർശനം അനുവദിച്ചതു വഴി തീർത്ഥാടന പാത സജീവമായി​. പുലർച്ചെ 5 നും വൈകിട്ട് 4 നും നടതുറന്നപ്പോഴും ഉദയാസ്തമന പൂജയ്ക്കായി രാവിലെ 8 മുതൽ 9 വരെ ദർശനം നിറുത്തിവച്ചപ്പോഴും വലിയ നടപന്തലിൽ നിശ്ചിത അകലത്തിൽ തീർത്ഥാടകനിര പ്രകടമായിരുന്നു. ഇത് ഒരു മണിക്കൂർ കൊണ്ട് മാറിയെങ്കിലും ഉച്ചപൂജ കഴിഞ്ഞപ്പോഴും തീർത്ഥാടകർ എത്തികൊണ്ടിരുന്നു . ശൂന്യമായി കിടന്ന അപ്പം, അരവണ കൗണ്ടറുകളിലും പ്രസാദം വാങ്ങാനുള്ളവരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കാണാൻ കഴിഞ്ഞു. അഭിഷേകം ചെയ്ത നെയ് വാങ്ങുന്നതിനും ഭക്തർ ഏറെ ഉണ്ടായിരുന്നു. സീസൺ തുടങ്ങി ഇതാദ്യമായി ഭക്തരുടെ ശരണം വിളിയും ആരവവും ഉയർന്നതും ശ്രദ്ധേയമായി. ശനിയാഴ്ചയിലെ നടവരവും 18 ലക്ഷത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ 10 ലക്ഷത്തിൽ താഴെയായിരുന്നു നടവരവ്.

രാവിലെ മാത്രമാണ് ഭക്തരുടെ പ്രകടമായ സാന്നിദ്ധ്യമുള്ളത്. ശേഷിക്കുന്ന സമയമൊക്കെ കുറവാണ്. ശനി, ഞായർ ദിവസങ്ങൾ മാത്രമാണ് ഇതിന് നേരിയ വ്യതിയാനമുണ്ടായത്. സന്നിധാനത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഭൂരിപക്ഷവും തുറന്നില്ലെങ്കിലും ദർശനത്തിന് എത്തുന്ന ഭക്തർക്ക് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്നു നേരവും സൗജന്യ അന്നദാനം നൽകുന്നത് ഏറെ ആശ്വാസമാകുന്നു. രാവിലെ 6.30 മുതൽ 11.30 വരെ ഉപ്പുമാവും കടലക്കറിയും ചുക്ക് കാപ്പിയും ഉച്ചയ്ക്ക് 12 മുതൽ പുലാവ്, സാലഡ്. വൈകിട്ട് 4.30 മുതൽ ഉപ്പുമാവും ഉള്ളിക്കറിയുമാണ് ലഭ്യമാകുക.

ശനിയാഴ്ച ദർശനം നടത്തി​യവർ : 2013

ഇന്നലെ വൈകിട്ട് 5 വരെ ദർശനം നടത്തി​യവർ : 1700

ദർശന സമയം : ദിവസവും 13 മണിക്കൂർ