tree
ഇലവുംതിട്ട ജംഗ്ഷനിലെ ആൽമരത്തട്ട് തിരഞ്ഞെടുപ്പ് കാലത്ത് വിജനമായ നിലയിൽ.

ഇലവുംതിട്ട : തിരഞ്ഞെടുപ്പിന്റെ ആവേശമില്ലാതെ നാൽക്കവലകളും പ്രധാന ജംഗ്ഷനുകളും മൂകതയിലാണ്. കഴിഞ്ഞകാലം വരെ തിരഞ്ഞെടുപ്പ് ആവേശവും പ്രചാരണങ്ങളും കൊട്ടിക്കലാശവും അരങ്ങുവാണിരുന്ന കേന്ദ്രങ്ങളായിരുന്നു നാട്ടുക്കവലകൾ. തീപ്പൊരി പ്രസംഗങ്ങളിലൂടെ ആളെ കൂട്ടി ആവേശം കൊള്ളിക്കാൻ നേതാക്കൾ എത്തുന്നതും കാത്ത് വേദിയുടെ മുൻപിൽ തടിച്ചുകൂടുന്ന ജനക്കൂട്ടം ഈ കൊവിഡ് കാലത്തെ നഷ്ടച്ചിത്രമാകുന്നു.
നൂറു കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾക്ക് ഒരുപാടു തവണ വേദിയായ ഇലവുംതിട്ടയിലെ ആൽമര ജംഗ്ഷൻ ഈ തിരഞ്ഞെടുപ്പ് കാലത്തും ആളൊഴിഞ്ഞ നിലയിലാണ്.
വിവിധ പ്രദേശങ്ങളിൽ നിന്ന് നി​രവധി​പേർ എത്തിയിരുന്ന ഇലവുംതിട്ട ജംഗ്ഷനിലായിരുന്നു ഒരു കാലത്ത് രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് സമയത്തും അല്ലാതെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ കണ്ണുവച്ചിരുന്ന സ്ഥലം കൂടിയായിരുന്നു ഇലവുംതിട്ട .
കേരളത്തിലെ മുന്നണികളിലെ ഒട്ടുമിക്ക നേതാക്കളും പ്രസംഗിച്ചിട്ടുള്ള വേദി കൂടിയാണ് ഇവിടം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവിടെ ആൾക്കൂട്ടമില്ല, ഒത്തുചേരലില്ല. ലോട്ടറി വിൽപനക്കാരും മറ്റും തണലിടം കണ്ടു വിശ്രമിക്കാനെത്തുന്നുവെന്നു മാത്രം.