തിരുവല്ല: കേന്ദ്ര ഏജൻസികളെ അന്യായമായി ഇടപെടുത്തുന്നത് കേരളത്തിന്റെ വികസന നേട്ടങ്ങളെ തകർക്കാനാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപൻ പറഞ്ഞു. എൽ.ഡി.എഫ് തിരുവല്ല മുൻസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ബി.ജെ.പി നേതാക്കളിലാണ്. എന്നാൽ മുഖ്യമന്ത്രിയെ എങ്ങനെയും താറടിക്കാനാണ് ബി.ജെ.പി നിർദ്ദേശക അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന യു.ഡി.എഫ് നേതാക്കൾ ഓരോരുത്തരായി അഴിമതിക്കേസിൽ ജയിലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ, എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ സനൽകുമാർ, എൽ.ജെ.ഡി ജില്ലാ പ്രസിഡൻ്റ് ജോ എണ്ണയ്ക്കാട്, ജനതാദൾ നിയോജകമണ്ഡലം പ്രസിഡന്റ്
പ്രൊഫ.അലക്സാണ്ടർ കെ.ശാമുവേൽ, എൽ.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ അഡ്വ.കെ പ്രകാശ് ബാബു, കൺവീനർ കെ.മോഹൻകുമാർ, സി.കെ ശശി, ജനു മാത്യു എന്നിവർ സംസാരിച്ചു.