ele

പത്തനംതിട്ട: ഡിസംബര്‍ എട്ടിനു നടക്കുന്ന ത്രിതല പഞ്ചായത്ത്, നഗരസഭ തി​രഞ്ഞെടുപ്പിനുള്ള പോരാട്ടചിത്രം ഇന്നു വ്യക്തമാകും. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാനദി​വസം ഇന്നാണ്. ഇതു കഴിയുന്നതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതും ഇന്നാണ്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി 3710 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് നിലവിലുളളത്. നാല് നഗരസഭകളിലായി 627 സ്ഥാനാര്‍ത്ഥികളുണ്ട്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ 406 സ്ഥാനാര്‍ത്ഥികളും ജില്ലാ പഞ്ചായത്ത് 16 മണ്ഡലങ്ങളിലായി 67 പേരുമാണ് മത്സരരംഗത്തുള്ളത്. ഇവരില്‍ ഏതാനും പേര്‍ ഇന്ന് പത്രിക പിന്‍വലിക്കാന്‍ സാദ്ധ്യതയുണ്ട്. ഇരുമുന്നണികളില്‍ നിന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയിട്ടുള്ളവര്‍ പിന്‍വലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫും യു.ഡി.എഫും എല്ലായിടത്തും മത്സരരംഗത്തുണ്ടാകും. ചുരുക്കം ചില ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലൊഴികെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുമുണ്ട്. മത്സരചിത്രം തെളിയുന്നതോടെ പോരാട്ടവും കനക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രചാരണത്തിന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടയോഗങ്ങളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളുമായി ഇപ്പോള്‍ തന്നെ പ്രചാരണരംഗത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. മൂന്ന് മുന്നണികളും മണ്ഡലം, പഞ്ചായത്ത്, വാര്‍ഡുതല കണ്‍വെന്‍ഷനുകള്‍ നടത്തിവരികയാണ്.

സ്ഥാനാർത്ഥികൾക്ക് ചിഹ്നം ഇന്ന് അനുവദിക്കും

കോഴഞ്ചേരി : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിഹ്നം ഇന്ന് അനുവദിക്കും. ഇത് സംബന്ധിച്ചുള്ള ശുപാർശയ്ക്ക് പാർട്ടി നേതൃത്വങ്ങൾ ചുമതലപ്പെടുത്തിയ ഭാരവാഹികൾ ഇന്ന് 3 മണിക്ക് മുൻപ് വരണാധികാരിയ്ക്ക് കത്ത് നൽകണം. പത്രിക പിൻവലിക്കുന്നതിനുള്ള സമയ പരിധി അവസാനിക്കുന്നത് ഇന്നാണ്. അതിനു ശേഷമാണ് ചിഹ്നം അനുവദിക്കുന്നത്. നിത്യജീവിതവുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ചിഹ്നങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്നത്. കാറും ഓട്ടോയും മുതൽ കപ്പും സോസറും വരെ പത്രിക സമർപ്പണ സമയത്ത് സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടു കഴിഞ്ഞു. സ്വതന്ത്രരായ യുവ സ്ഥാനാർത്ഥികൾ ഫുട്‌ബോൾ, ബാറ്റ്, പന്ത്, ഷട്ടിൽ, കമ്പ്യൂട്ടർ , പുസ്തകം തുടങ്ങിയവയിലാണ് കണ്ണ് വച്ചിരിക്കുന്നത്.
ഒരേ വാർഡിൽ ഒരേ ചിഹ്നം ഒന്നിലധികം പേർ ആവശ്യപ്പെട്ടാൽ നറുക്കെടുപ്പിലൂടെയാവും അനുവദിക്കുക.
സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ 74 ചിഹ്നങ്ങളാണ് ഉള്ളത്. ഊന്നുവടി മുതൽ അടുക്കള സാമഗ്രികൾ വരെ പട്ടികയിലുണ്ട്.