' നീ ഒന്നും പഠിക്കാതെ പാട്ടും പാടി കളിച്ചു നടന്നോ.' മുമ്പ് വീടുകളിൽ നിന്നും ഉയർന്നിരുന്ന കുറ്റപ്പെടുത്തലുകളിൽ ഒന്നാണിത്. കലാസാഹിത്യ, കായിക പ്രവർത്തനങ്ങളിൽ മികവു പ്രകടിപ്പിച്ചിരുന്ന കുട്ടികളാണ് അധികവും ഇത് കേട്ടിരുന്നത്. സാമാന്യം നല്ല രീതിയിൽ പഠിക്കുന്നവരായിരുന്നാൽ പോലും ഇത്തരത്തിൽ കുറ്റപ്പെടുത്തലുകൾ കേൾക്കുന്ന നിരവധി കുട്ടികൾ ഇപ്പോഴുമുണ്ട്. ഇവയെ ബുദ്ധിപരമായ പ്രവർത്തനങ്ങളായി കാണാൻ രക്ഷിതാക്കൾക്ക് കഴിയാത്തതാണ് ഇതിനു പ്രധാന കാരണം.ബുദ്ധിക്ക് വിവിധ തലങ്ങളുണ്ട് .

എന്താണ് 'ബുദ്ധി എന്നതുകൊണ്ടുദ്ദേശിക്കുന്നത്? 'മനുഷ്യ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നതിനും, ചിന്തിക്കുന്നതിനുമുള്ള കഴിവാണ് ബുദ്ധി' എന്ന് ജോൺസൺ എന്ന മന:ശാസ്ത്രജ്ഞൻ മുമ്പ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ബുദ്ധിയെ സംബന്ധിച്ച അടിസ്ഥാനപരമായ ഈ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് പിന്നീട് പല പുതിയ അഭിപ്രായങ്ങളും ഉയർന്നു വന്നു. ഒരു കഴിവ് എന്ന നിലയിൽ ബുദ്ധിയെ ഒന്നായി കാണുന്ന ( ഏകമുഖ ബുദ്ധി) രീതിയാണ് മുമ്പുണ്ടായിരുന്നത്. എന്നാൽ,പല കഴിവുകളുടെയും കൂട്ടമാണ് ബുദ്ധി എന്ന അഭിപ്രായം പിന്നീട് ശക്തമായി. ഇവരിൽ ഹവാർഡ്ഗാർഡ്‌നർ അവതരിപ്പിച്ച ബഹുമുഖ ബുദ്ധി എന്ന ആശയത്തിന് ഏറെ സ്വീകാര്യത ലഭിച്ചു.

ബുദ്ധിയുടെ വിവിധ തലങ്ങൾ

നന്നായി എഴുതുന്നതിനും പ്രഭാഷണം ചെയ്യുന്നതിനും സഹായകമായ ഭാഷാ പരമായ ബുദ്ധി, യുക്തിസഹമായി ചിന്തിയ്ക്കുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനും സഹായകമായ യുക്തിചിന്താപരവും ഗണിത പരവുമായ ബുദ്ധി, ദിശകൾ, ത്രിമാന രൂപങ്ങൾ തുടങ്ങിയവ തിരിച്ചറിയുന്നതിനു സഹായകമായ ദൃശ്യ സ്ഥലപര ബുദ്ധി, സംഗീതം ചിട്ടപ്പെടുത്തുന്നതിനും അത് വിവിധ രീതിയിൽ പ്രകടിപ്പിക്കുന്നതിനും സഹായകമായ സംഗീതപരമായ ബുദ്ധി, സ്‌പോർട്‌സ്,ഗയിംസ്,കളികൾ,പരീക്ഷണങ്ങൾ, നിർമ്മാണം തുടങ്ങി കായിക പ്രവർത്തനങ്ങൾക്കു സഹായകമായ ശാരീരികചലന പരമായ ബുദ്ധി, സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപഴകുന്നതിനും അവരുടെ താത്പര്യങ്ങൾ, ആവശ്യങ്ങൾ എന്നിവ പരിഗണിച്ച് ഉചിതമായി പ്രതികരിക്കുന്നതിനും സഹായകമായ വ്യക്ത്യാന്തര ബുദ്ധി, സ്വയം വിലയിരുത്തി തന്റെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും സ്വയം മെച്ചപ്പെടാനും സഹായകമായ ആന്തരിക വൈയക്തികബുദ്ധി, സസ്യജന്തുജാലങ്ങൾ, പ്രകൃതി പ്രതിഭാസങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിനും അവ വിശകലനം ചെയ്യുന്നതിനും പ്രകൃതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്നതിനും സഹായകമായ പ്രകൃതിപരമായ ബുദ്ധി എന്നിങ്ങനെ ബുദ്ധിയുടെ വിവിധ തലങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു. മസ്തിഷ്‌ക്കത്തിന്റെ ഓരോ ഭാഗങ്ങളിലാണ് ഓരോ ബൗദ്ധിക അംശങ്ങളുടെയും സ്ഥാനം. ബുദ്ധിയുടെ ഏത് അല്ലെങ്കിൽ ഏതൊക്കെ അംശങ്ങളാണോ ഒരാളിൽ മുന്നിട്ടു നിൽക്കുന്നത് അയാൾ ആ രംഗത്ത് / രംഗങ്ങളിൽ കൂടുതൽ മികവു പ്രകടിപ്പിക്കും. പ്രഗത്ഭരായ കലാകാരന്മാർ, സാഹിത്യകാരന്മാർ, ശാസ്ത്രജ്ഞർ, കായിക പ്രതിഭകൾ, പ്രൊഫഷണലുകൾ എന്നിവരൊക്കെ സമൂഹത്തിൽ വളർന്നു വരുന്നത് ഇങ്ങനെയാണ്. ആയതിനാൽ, ബുദ്ധിയുടെ എല്ലാ തലങ്ങളെയും പരിഗണിച്ചു കൊണ്ടു വേണം ക്ലാസിലും വീട്ടിലും കുട്ടിക്ക് പഠനാനുഭവങ്ങൾ നൽകാൻ. കലാപരവും കായികവും സാഹിത്യപരവുമായ കഴിവുകളോ അതിൽ നേടിയ ഗ്രേഡുകളോ കുട്ടിയുടെ ക്ലാസ് പ്രൊമോഷനിലും ഉപരി പീന പ്രവേശനത്തിലും പരിഗണിക്കുന്നില്ല എങ്കിൽകൂടി കുട്ടിയുടെ ഇത്തരം കഴിവുകളെ നാം വളർത്തിയെടുക്കുക തന്നെ വേണം. അതാണ് ശരിയായ വിദ്യാഭ്യാസം.