arrest

തിരുവല്ല : രാത്രി മുഴുവൻ പ്രദേശത്താകെ ഭീതിപരത്തിയ സാമൂഹ്യവിരുദ്ധനെ നാട്ടുകാരുടെ പരാതിയിൽ അറസ്റ്റ് ചെയ്തു. തിരുവല്ല മീന്തലക്കര പൂതിരിക്കാട്ട് മലയിൽ ചാമക്കാല വീട്ടിൽ ജോൺ ചാക്കോ (62)യാണ് അറസ്സിലായത്. സമീപവാസികളായ മുല്ലശ്ശേരി മലയിൽ ശ്രീധരൻ, തോമ്പിൽ പുത്തൻപുരയിൽ പ്രകാശ്, പുത്തൻപറമ്പിൽ തോമസ് എന്നിവരുടെ വീടുകൾക്ക് നേരെ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് നടപടി. ശ്രീധരന്റെ വീടിന്റെ ചുറ്റുമുള്ള ജനൽചില്ലകൾ ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് തല്ലിത്തകർത്ത ജോൺചാക്കോ ശ്രീധരനെ കൈയേറ്റവും ചെയ്തു. ശനിയാഴ്ച രാത്രി 9.30നാണ് സംഭവം. അവിവാഹിതനും എഴുപത്തിയാറുകാരനുമായ ശ്രീധരനും അവിവാഹിതയായ സഹോദരി ചെല്ലമ്മയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ ജോൺ ചാക്കോ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയതറിഞ്ഞ് ജോൺ ചാക്കോയും ഭാര്യയും വീടിനുള്ളിൽ കയറി കതകടച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരവരെ സംഭവസ്ഥലത്ത് തങ്ങിയ പൊലീസ് സംഘം രാവിലെയെത്തി നടപടി സ്വീകരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പുകൊടുത്ത് മടങ്ങുകയായിരുന്നു. പൊലീസ് മടങ്ങിയതോടെ പുറത്തിറങ്ങിയ ജോൺ ചാക്കോ ശ്രീധരന്റെ വീടിന് നേരേ വീണ്ടും ആക്രമണം നടത്തി. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പ്രകാശിന്റെയും തോമസിന്റെയും വീടുകൾ ആക്രമിച്ചത്. പ്രകാശിന്റെ വീട്ടിലേക്കുള്ള ജലവിതരണക്കുഴൽ ചുറ്റികയ്ക്ക് അടിച്ചുതകർത്തു. തോമസിന്റെ വീടിന് മുന്നിലെ തെരുവ് വിളക്ക് അടിച്ചുപൊട്ടിക്കുകയും ജലവിതരണക്കുഴൽ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ ഉച്ചയോടെ തിരുവല്ല എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ജോൺ ചാക്കോയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ നാലുവർഷമായി ജോൺ ചാക്കോ നിരന്തരമായി അയൽവീടുകൾക്ക് നേരേ ആക്രമണം നടത്തുന്നതും സ്ത്രീകൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇയാൾക്കെതിരെ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, പൊലീസ് മേധാവി എന്നിവർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. ആക്രമണത്തിനിരയായ അയൽവാസികൾ നൽകിയ പരാതിയിന്മേൽ ജോൺ ചാക്കോയ്ക്കെതിരെ കേസെടുത്തതായി സി.ഐ പി.എസ്.വിനോദ് പറഞ്ഞു.