reshma-marityam-
രേഷ്മ മറിയം റോയി

കേരളത്തിന്റെ സൗന്ദര്യം കാണണമെങ്കിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം. മതിലുകളിലും വൈദ്യുതി പോസ്റ്റുകളിലും സുന്ദരീസുന്ദരൻമാരുടെ ചിത്രങ്ങളാണ്. ചില ചിത്രങ്ങൾ ചൂണ്ടി 'പഞ്ചായത്ത് മാറി വോട്ടു ചെയ്യാൻ പറ്റുമോ' എന്ന രസികൻ കമന്റുകൾ സോഷ്യൽ മീഡികളിൽ പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഏറ്റവും വലിയ ജനകീയ ഉത്സവമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞത് എത്രയോ ശരിയാണ്. ഈ ഉത്സവത്തിന്റെ സൗന്ദര്യ ചിത്രങ്ങളാണ് സ്ഥാനാർത്ഥികൾ. യുവാക്കൾ ഗ്രാമങ്ങളുടെ പ്രതിനിധികളാകുന്നു എന്നതാണ് പ്രത്യേകത. ഭരണാധികാരം യുവാക്കളുടെ കൈകളിലെത്തുമ്പോൾ നാടിന് വികസനക്കുതിപ്പ് ഉണ്ടാകാമെന്ന് പ്രതീക്ഷിക്കാം.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടുന്ന കുറഞ്ഞ പ്രായപരിധി 21 ആയതാണ് നമ്മുടെ യുവാക്കളെ നാടിന്റെ വികസനപ്രക്രിയയിൽ പങ്കാളികളാക്കുന്നത്. സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക കൊടുക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ 21 തികഞ്ഞവരും മത്സര രംഗത്ത് എത്തി. ഇക്കാര്യത്തിൽ ശ്രദ്ധേയയായത് കോന്നിയ്ക്കടുത്ത് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ മത്സരിക്കുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി രേഷ്മ മറിയം റോയി ആണ്. നവംബർ 18നാണ് 21 വയസ് തികഞ്ഞത്. പിറന്നാൾ പിറ്റേന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. വെറുതെ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തിയതല്ല. വാക്ചാതുരിയും എസ്.എഫ്.ഐയിലെ സംഘടനാ പ്രവർത്തനവും മുതൽക്കൂട്ടാണ്. സംസ്ഥാനത്ത് ആദ്യമായാണ് മത്സരിക്കാൻ അടിസ്ഥാനമായ പ്രായം തികഞ്ഞതിന്റെ അടുത്ത ദിവസം ഒരു സ്ഥാനാർത്ഥി പത്രിക നൽകിയത്.

പത്തനംതിട്ട ജില്ലയിലൂടെ സഞ്ചരിച്ചാൽ യു.ഡി.എഫിനും എൻ.ഡി.എയ്ക്കുമുണ്ട് ചുറുചുറുക്കുള്ള യുവ സ്ഥാനാർത്ഥികൾ. ഗ്രാമ, ബ്ളോക്ക്, നഗരസഭാ സ്ഥാനാർത്ഥികളായി ഏകദേശം അൻപതോളം സ്ഥാനാർത്ഥികൾ 25 വയസിന് താഴെയുള്ളവരാണ്.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും യുവതാരങ്ങൾ മത്സരിക്കുന്നു. മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വിബിത ബാബുവാണ് ഇതിനകം സോഷ്യൽ മീഡിയ ഏറ്റുപിടിച്ച മറ്റൊരു യുവതാരം. തിരുവല്ല കോടതിയിലെ ക്രിമിനൽ വക്കീൽ എന്ന നിലയിലാണ് വിബിത സോഷ്യൽ മീഡിയയിൽ സ്വയം പരിചയപ്പെടുത്തിയിട്ടുള്ളത്. പലതരം വേഷങ്ങളണിഞ്ഞുള്ള സ്ഥാനാർത്ഥി കൊടുമൺ ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ലക്ഷമി അശോക്, പള്ളിക്കൽ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവർ ഇതിനകം ശ്രദ്ധേയരായിക്കഴിഞ്ഞു.

പകൽ സ്ഥാനാർത്ഥിയായി വോട്ട് അഭ്യർത്ഥിച്ച്, രാത്രിയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഒരു സ്ഥാനാർത്ഥി സീതത്തോട്ടിലുണ്ട്. ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സന്ദീപ് സത്യനാണ് ഈ യുവാവ്.

യുവതീ യുവാക്കളെ തേടിപ്പിട‌ിച്ച് സ്ഥാനാർത്ഥികളാക്കിയ കഥകളും കേൾക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ചാലുണ്ടാകുന്ന പണച്ചെലവ് താങ്ങാനാവാതെ പ്രമുഖ പാർട്ടികളുടെ ആളുകൾ പിൻവലിഞ്ഞപ്പോഴാണ് രാഷ്ട്രീയം വശമില്ലാത്ത യുവാക്കൾക്ക് നറുക്ക് വീണത്. 'ഒന്ന് നിന്ന് തന്നാൽ മതി, ബാക്കിയെല്ലാം പാർട്ടി നോക്കിക്കൊള്ളാം' എന്ന ഒറ്റ ഉറപ്പിൽ ഗ്രാമ പഞ്ചായത്തിൽ പത്രിക സമർപ്പിച്ച യുവ സാരഥികളുമുണ്ട്.

അതേസമയം, നാടിന്റെ പ്രശ്നങ്ങൾ മനസിലാക്കാത്തവരെ സ്ഥാനാർത്ഥികളാക്കിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുന്നവരുമുണ്ട്. കുടുംബക്കാരും പാർട്ടിക്കാരും പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നത് ഗ്രാമപ്പഞ്ചായത്തുകളിലാണ്. ഫണ്ട് വിനിയോഗവും പദ്ധതി നിർവഹണവും കുടുംബവും പാർട്ടിയും നടത്തി ജനപ്രതിനിധികളെ ആരോപണത്തിന്റെ കുഴയിൽ ചാടിച്ച സംഭവങ്ങളേറെ.

തിരഞ്ഞെടുപ്പിൽ അമ്മയും മക്കളും പോർക്കളത്തിലിറങ്ങുന്ന പല വാർഡുകളുമുണ്ട്. മല്ലപ്പുഴശേരി പത്താം വാർഡിൽ ഇടതു സ്ഥാനാർത്ഥിയായി വത്സല മത്സരിക്കുന്നു. കോയിപ്രം എട്ടാം വാർഡിൽ വത്സലയുടെ മകൾ സന്ധ്യയാണ് ഇടത് സ്ഥാനാർത്ഥി. ഇരുവരും സി.പി.എം പ്രവർത്തകരാണ്. ഇലന്തൂർ ബ്ളോക്ക് മല്ലപ്പുഴശേരി ഡിവിഷനിൽ മത്സരിക്കുന്ന വത്സമ്മ മാത്യുവിന്റെ മകൾ നീന മാത്യു കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്നു. പന്തളം ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രസന്നയുടെ മകൾ അശ്വതി കോന്നി ബ്ളോക്ക് പഞ്ചായത്തിൽ സ്ഥാനാർത്ഥിയാണ്.