പുല്ലാട്: കോയിപ്രം പഞ്ചായത്തിലെ ഐരാക്കാവ് ഭാഗങ്ങളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നു. കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കർഷകർ. കഴിഞ്ഞ രാത്രി മുറ്റത്തറയിൽ സൈമൺ ഏബ്രഹാമിന്റെ പുരയിടത്തിലെ പതിനഞ്ചോളം തെങ്ങിൻ തൈകളും, കപ്പയും, വാഴകളും നശിപ്പിച്ചു. തുടർച്ചയായ വിള നശീകരണം കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പല തവണ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണമെന്ന ആവശ്യവും നടപ്പാകുന്നില്ല. ഇവിടങ്ങളിൽ പന്നിക്കൂടുകൾ സ്ഥാപിക്കണമെന്നാവശ്വപ്പെട്ട് മന്ത്രിക്കും റാന്നി ഡി.എഫ്.ഒയ്ക്കും നിവേദനം നൽകാൻ ഐരാക്കാവ് റസിഡന്റ്‌സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോൺസൺ കോയിത്തോടത്ത്, സെക്രട്ടറി കെ.എസ്.സതീഷ് എന്നിവർ പ്രസംഗിച്ചു.