പത്തനംതിട്ട: അധികാരത്തിലെത്തിയാൽ ജില്ലാ ആസ്ഥാനത്തെ കെ.കെ. നായർ സ്റ്റേഡിയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്ന് എൽ.ഡി.എഫ്. നഗരസഭയുടെ സ്വത്തുക്കൾ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു നടപടിയുമായി സഹകരിക്കില്ലെന്ന് യു.ഡി.എഫ്. പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന വികസന സംസ്‌കാരമാണ് നഗരസഭയുടേതെന്ന് ബി.ജെ.പി.
നഗരസഭ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബിൽ നടന്ന തദ്ദേശം 2020 സംവാദം പരിപാടിയിലാണ് മുന്നണി നേതാക്കൾ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.
യു.ഡി.എഫിനുവേണ്ടി നഗരസഭയുടെ മുൻ അദ്ധ്യക്ഷരായ റോസ്ലിൻ സന്തോഷ്, പി. മോഹൻരാജ്, എൽ.ഡി.എഫിനുവേണ്ടി മുൻ ചെയർമാൻ സക്കീർ ഹുസൈൻ, പാർലമെന്ററി പാർട്ടി മുൻ ലീഡർ പി.കെ. അനീഷ്, ബി.ജെ.പി സ്ഥാനാർത്ഥി വിപിൻ വാസുദേവ് എന്നിവരാണ് പങ്കെടുത്തത്. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖൻ മോഡറേറ്ററായിരുന്നു.
ഭരിച്ചത് അഞ്ച് അദ്ധ്യക്ഷർ
മൂന്ന് ചെയർപേഴ്‌സൺമാരും രണ്ട് ആക്ടിംഗ് ചെയർമാൻമാരും അടക്കം അഞ്ചുപേർ കസേരയിൽ ഇരുന്നു എന്നല്ലാതെ വ്യക്തമായ വികസന കാഴ്ചപ്പാടോ പദ്ധതിയോ ഉണ്ടായില്ലെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തിയപ്പോൾ, കോൺഗ്രസ് പാർട്ടിയുടെ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യക്ഷരെ മാറ്റിയതെന്നും എൽ.ഡി.എഫ് ഭരിച്ച 2005 - 10 കാലയളവിൽ അദ്ധ്യക്ഷ പദവിയിൽ ഉണ്ടായ മാറ്റം എന്തടിസ്ഥാനത്തിലാണെന്നും പി. മോഹൻരാജ് തിരിച്ചടിച്ചു.
ബസ് സ്റ്റാൻഡ്, മാസ്റ്റർപ്ലാൻ
നഗരവികസനത്തിന് 2010ൽ തയാറാക്കിയ മാസ്റ്റർപ്ലാൻ പൂഴ്ത്തിയതിനെ സംബന്ധിച്ച് സക്കീർ ഹുസൈൻ ആരോപണം ഉന്നയിച്ചു. നഗരത്തിന്റെ വികസനം ഇതുകാരണം മുന്നോട്ടുപോയില്ലെന്നു മാത്രമല്ല, ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഭൂമിക്കച്ചവടക്കാർക്കും കെട്ടിട നിർമിതിക്കുമൊക്കെ യു.ഡി.എഫുകാർ സഹായം ചെയ്തു നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മാസ്റ്റർപ്ലാൻ കാലാകാലങ്ങളിൽ പുതുക്കപ്പെടേണ്ടതാണെന്നും 2010ലെ മാസ്റ്റർപ്ലാൻ ആയിരിക്കില്ല, ഇനിയുള്ള വികസനപ്രവർത്തനങ്ങൾക്ക് വേണ്ടതെന്നും റോസ്ലിൻ സന്തോഷ് പറഞ്ഞു.
മാലിന്യസംസ്‌കരണം
മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിലവിലെ സാഹചര്യം മെച്ചപ്പെട്ടതാണെന്ന് റോസ്‌ലിൻ സന്തോഷ്. മാലിന്യ ശേഖരണത്തിനുണ്ടായിരുന്ന തൊഴിലാളികളെ പിരിച്ചുവിട്ട് സ്വകാര്യ കമ്പനികളെ ഏല്പിച്ചതാണ് ദുരവസ്ഥയ്ക്കു കാരണമെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി.
ചെറുകിട പദ്ധതികൾ ആരംഭിച്ചതിലൂടെ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടതായും ജലഅതോറിട്ടിയുടെ പദ്ധതികൾ പലതും പ്രഖ്യാപനങ്ങളായി മാറുകയാണെന്നും മോഹൻരാജ് ചൂണ്ടിക്കാട്ടി.
നഗരവികസനത്തിനാവശ്യമായ വ്യക്തമായ കാഴ്ചപ്പാടുള്ള പദ്ധതികൾ അവതരിപ്പിക്കും.
സക്കീർ ഹുസൈൻ
എൽ.ഡി.എഫ്
മുൻകാലങ്ങളിൽ ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകും.
പി. മോഹൻരാജ്
യു.ഡി.എഫ്
ഇത്തവണ നിർണായകശക്തിയായി ബി.ജെ.പി കൗൺസിലിൽ ഉണ്ടാകും. വികസനനയത്തെ പിന്തുണയ്ക്കും.
വിപിൻ വാസുദേവ്