തിരുവല്ല: തിരക്കേറിയ തിരുവല്ല-മല്ലപ്പള്ളി റോഡിലെ കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. തിരുവല്ല മുതൽ കുന്നന്താനം വരെയുള്ള ആറ് കിലോമീറ്റർ ദൂരത്തിലാണ് ടാറിംഗ് പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ദീപാ ജംഗ്‌ഷനിൽ നിന്നും തുടങ്ങുന്ന പാതയിൽ കുറ്റപ്പുഴ, കിഴക്കൻമുത്തൂർ, പായിപ്പാട്, പാമല എന്നിവിടങ്ങളിലെല്ലാം ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കുട്ടപ്പക്കുഴയിലും പായിപ്പാടും ഇന്റർ ലോക്ക് കട്ടകൾ പാകിയ ഭാഗങ്ങളിൽ ഒഴികെയുള്ള ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളിൽ അടുത്തിടെ അപകടങ്ങൾ ഉണ്ടായി. ഇരുചകവാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. പായിപ്പാട് ചന്തയ്ക്ക് സമീപത്തായി റോഡിലെ മരങ്ങളിൽ നിന്നും വെള്ളം വീണ് രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് കടുത്ത ഭീഷണിയാണ്. പാമലയിലെ കൊടുവളവിലും വലിയ കുഴികളുണ്ട്. അടുത്തെത്തുമ്പോൾ മാത്രമേ കുഴി യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയുള്ളൂ.
ഒരുവർഷം മുമ്പ് ചെയ്ത ടാറിംഗ്
ഒരുവർഷം മുമ്പേ ചെയ്ത ടാറിംഗാണ് പലയിടത്തും പൊളിഞ്ഞു കിടക്കുന്നത്.തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡിന് 88 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ വൈകുന്നതിനാൽ നിർമ്മാണം നീണ്ടുപോകുകയാണ്. റോഡിന് വീതികൂട്ടി ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ റോഡ് ടാറിംഗ് ചെയാനാണ് പദ്ധതി. എന്നാൽ ഈ പദ്ധതി പൂർത്തിയാകുന്നതുവരെ യാത്രാദുരിതം അനുഭവിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.
-6 കിലോമീറ്റർ പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടു