party

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 സ്ഥാനാർത്ഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴാണ് മത്സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമായത്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 147 പത്രികകളാണ് സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയിൽ 3 പത്രികകൾ നിരസിച്ചിരുന്നു. ബാക്കി 144 പത്രികകളിൽ 76 പേരാണുണ്ടായിരുന്നത്. അതിൽ 16 പേർ പത്രികകൾ പിൻവലിച്ചതോടെയാണ് അന്തിമ പട്ടികയിൽ 60 സ്ഥാനാർത്ഥികളായത്.

കൂടുൽ പേർ റാന്നി ഡിവിഷനിൽ

ജില്ലാ പഞ്ചായത്തിൽ കൂടുതൽ പേർ മത്സരരംഗത്തുള്ളത് റാന്നി ഡിവിഷനിലാണ്. ഏഴുപേരാണ് റാന്നി ഡിവിഷനിലേക്ക് മത്സരിക്കുന്നത്. ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്. പുളിക്കീഴ്, മല്ലപ്പള്ളി, ആനിക്കാട്, ചിറ്റാർ, മലയാലപ്പുഴ, കൊടുമൺ, പള്ളിക്കൽ, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേർ വീതമാണ് മത്സരരംഗത്തുള്ളത്. അങ്ങാടി, കോന്നി, പ്രമാടം, കുളനട, ഇലന്തൂർ, കോയിപ്രം ഡിവിഷനുകളിലേക്ക് നാലുപേർ വീതവും, ഏനാത്ത് ഡിവിഷനിലേക്ക് അഞ്ചുപേരും മത്സരിക്കുന്നുണ്ട്. കോന്നി, ഏനാത്ത്, ഇലന്തൂർ എന്നിവടങ്ങളിൽ രണ്ടുപേർ വീതവും ആനിക്കാട്, അങ്ങാടി, ചിറ്റാർ, പ്രമാടം, കൊടുമൺ, പള്ളിക്കൽ, കുളനട, കോഴഞ്ചേരി, കോയിപ്രം ഒരാൾ വീതവും പത്രിക പിൻവലിച്ചു.

ഗ്രാമപഞ്ചായത്തുകളിൽ 2803 സ്ഥാനാർത്ഥികൾ

തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിൽ മത്സരിക്കുന്നത് 2803 സ്ഥാനാർത്ഥികൾ. 819 പത്രികകൾ പിൻവലിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളിൽ 342 സ്ഥാനാർത്ഥികൾ

തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്നതിന് 342 സ്ഥാനാർത്ഥികൾ. 64 നാർമനിർദേശ പത്രിക പിൻവലിച്ചു.

മുനിസിപ്പാലിറ്റികളിൽ 494 സ്ഥാനാർത്ഥികൾ

ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളിൽ മത്സരിക്കുന്നത് 494 സ്ഥാനാർത്ഥികൾ. 86 പത്രിക പിൻവലിച്ചു.

മുനിസിപ്പാലിറ്റി, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം എന്ന ക്രമത്തിൽ. പിൻവലിച്ച എണ്ണം ബ്രാക്കറ്റിൽ

അടൂർ 98 (13)
പത്തനംതിട്ട 114 (33)
തിരുവല്ല 155 (26)
പന്തളം 127 (14)