പത്തനംതിട്ട: സെന്റ്പീറ്റേഴ്സ് ജംഗ്ഷന് സമീപം റിംഗ് റോഡിൽ നിന്ന് കളക്ടറേറ്റിലേക്കുള്ള ഇടറോഡിൽ മദ്യക്കുപ്പികൾ പൊട്ടിച്ചിട്ട് വഴിമുടക്കാൻ ശ്രമം. ജംഗ്ഷനിൽ നിന്ന് കളക്ടറേറ്റിലേക്ക് നടന്നു പോകുന്ന ജീവനക്കാർക്ക് കുപ്പിച്ചീളുകൾ അപകട ഭീഷണിയാകുന്നു. കാലുകളിൽ തുളച്ചുകയറാൻ പാകത്തിലാണ് കുപ്പികൾ ഉടച്ചിട്ടിരിക്കുന്നത്. റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകളിൽ ഇവ തറച്ചു കയറിയ സംഭവവുമുണ്ടായി. മദ്യപിച്ച ശേഷം കുപ്പികൾ റോഡിലേക്ക് വലിച്ചെറിയുന്നതായാണ് ആക്ഷേപം. കുപ്പികൾ വലിച്ചെറിഞ്ഞ് റോഡിൽ അപകട ഭീഷണിയുണ്ടാക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമീപവാസികൾ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയതല്ലാതെ പൊലീസ് ഇൗ ഭാഗത്തേക്ക് എത്തിയിട്ടില്ലെന്ന് സമീപത്ത് താമസിക്കുന്നവർ പറയുന്നു.