അടൂർ : നഗരസഭയിൽ കോൺഗ്രസിന് മൂന്നിടത്ത് റിബൽ സ്ഥാനാർത്ഥികളുടെ ശല്യം. ഇതിൽ പ്രകടമായ റിബൽ സാന്നിധ്യമുള്ളത് 14-ാം വാർഡിലാണ്. ഇവിടെ കോൺഗ്രസ് മത്സരരംഗത്തിറക്കിയിട്ടുള്ളത് ശ്രീകുമാർ കോട്ടൂരിനെയാണ്. കഴിഞ്ഞ കൗൺസിലിലെ കോൺഗ്രസ് അംഗവും ഡി. സി. സി മെമ്പറുമായ എം. അലാവുദ്ദീനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കൗൺസിലർ എന്ന നിലയിൽ കഴിഞ്ഞഅഞ്ച് വർഷം പറക്കോടിന്റെ വികസനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ നിരത്തിയാണ് അലാവുദ്ദീൻ മത്സരിക്കുന്നത്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനവും അലാവുദ്ദീൻ നടത്തിയിരുന്നു. സീറ്റ് ലഭിക്കുമെന്ന ധാരണയിലായിരുന്നു ആദ്യം.എന്നാൽ അവസാന നിമിഷം തഴയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ആർട്ടിസ്റ്റ് ജോൺസൻ തനിക്ക് വർഷങ്ങളായി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് 26-ാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. കോൺഗ്രസി ലെ ബിനു പി. രാജനാണ് ഇവിടെ ഒൗദ്യോഗിക സ്ഥാനാർത്ഥി. 27 -ൽ കോൺഗ്രസ് സേവാദൾ പ്രവർത്തകനായ അനൂപ് കരുവാറ്റയും കോൺഗ്രസ് സ്ഥാനാർത്ഥി ഉമ്മൻതോമസിന് വെല്ലുവിളി ഉയർത്തി രംഗത്തുണ്ട്. എൽ. ഡി.എഫിനുംമൂന്നിടത്ത് റിബൽ ഭീഷണിയുണ്ട്, രണ്ടാം വാർഡ് സി. പി. ഐ ക്ക് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് സി. പി. എം കരുവാറ്റ ബ്രാഞ്ച് സെക്രട്ടറി ഗീത രാജിവെച്ച് സ്വതന്ത്രയായി മത്സരിക്കുന്നു.വാർഡ് 28-ൽ എൽ. ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന സുനിൽ മൂലയിലിനെതിരേ സി. പി. എം കരുവാറ്റ വടക്ക് ബ്രാഞ്ച് സെക്രട്ടറി ബിജു കുമാറും എൽ. ഡി. എഫിന് തലവേദന ഉയർത്തി രംഗത്തുണ്ട്. വാർഡ് 23 ൽ സി. പി. എമ്മിലെ സിതാരാ ആഷിക്കിനെതിരേ മുൻ കൗൺസിലറായ സെലീനാ ബീഗവുംസ്വതന്ത്രയായി മത്സര രംഗത്തുണ്ട്.