തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പിലെ പത്രികാ പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ യു.ഡി.എഫിന് ഭീഷണിയായിരുന്ന നഗരസഭയിലെ എട്ടു വിമതരിൽ ഒരാൾ മാത്രം പിന്മാറി. തിരുവല്ല മുൻസിപ്പാലിറ്റിയിലെ കിഴക്കൻമുത്തൂർ നാലാം വാർഡിൽ മത്സരിക്കാൻ പത്രിക നൽകിയ ബിജു കാഞ്ഞിരത്തുംമൂട്ടിലാണ് യു.ഡി.എഫ് നേതൃത്വത്തെ അനുസരിച്ച് പത്രിക പിൻവലിക്കാൻ തയാറായത്. എട്ട് കോളേജ് വാർഡിൽ കേരള കോൺഗ്രസ്ജോസഫിലെ ശാന്തമ്മ വിമതയായി മത്സരിക്കും. ഇവിടെ കോൺഗ്രസിലെ റെജിനോൾഡ് വർഗീസാണ് ഔദ്യോഗിക സ്ഥാനാർത്ഥി. ആർ.എസ്.പിയുടെ സീറ്റായ 11 മീന്തലക്കരയിൽ ഔദ്യോഗികമായി മുമ്പ് സീറ്റ് ലഭിച്ച മധു മുരിക്കനാട്ടിലിന് ഭീഷണിയായി കേരള കോൺഗ്രസ് ജോസഫിലെ ജേക്കബ് ജോർജ്ജ് മനയ്ക്കലും മത്സരിക്കും. 10 ആമല്ലൂർ ഈസ്റ്റ്, 12 മഞ്ചാടി, 15 തൈമല, 31 മന്നംകരച്ചിറ, 37 ജെ.പി നഗർ എന്നിവിടങ്ങളിലാണ് വിമതഭീഷണി നേരിടുന്ന മറ്റുവാർഡുകൾ. കോൺഗ്രസിനും കേരള കോൺഗ്രസിനും ആർ.എസ്.പിക്കും വിമതനീക്കം പൊല്ലാപ്പായ സ്ഥിതിയാണ്. മുന്നണി സ്ഥാനാർത്ഥികളെ കൂടാതെ സ്വതന്ത്രരും വിമതരും ഉൾപ്പെടെ എട്ട് സ്ഥാനാർത്ഥികളാണ് 15 തൈമല വാർഡിൽ മത്സരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം കോൺഗ്രസ് 23 സീറ്റിലും കേരളകോൺഗ്രസ് 12 സീറ്റുകളിലും മത്സരിക്കും.