തിരുവല്ല: കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ സംസ്ക്കാര ചടങ്ങുകൾ ജീവനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്ത് മാതൃകയായി. ഏറെനാളായി കിടപ്പിലായ 92 വയസുള്ള മുത്തൂർ ചൂളയിൽ ലക്ഷ്‍മി അമ്മയാണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ച മുമ്പാണ് വൃദ്ധയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ട്രസ്റ്റിലെ സന്നദ്ധപ്രവർത്തകർ വൃദ്ധയ്ക്ക് ആവശ്യമായ മരുന്നുകളും മറ്റും നൽകി പരിചരണം ഏറ്റെടുത്തിരുന്നു. ഇതിനിടെയാണ് രോഗം കലശലായി മരണം സംഭവിച്ചത്. തുടർന്ന് ആരോഗ്യപ്രവർത്തകർ എത്തുന്നത് കാത്തുനിൽക്കാതെ ജീവനം ചാരിറ്റബിൾ ട്രസ്റ്റ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആംബുലൻസിൽ മൃതദേഹം മുൻസിപ്പൽ ശ്‌മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. മക്കൾ: ഡോ.വത്സലൻ, ബിജു. മരുമക്കൾ: ഡോ.സുധ, മഞ്ജു എന്നിവരും ട്രസ്റ്റിന്റെ പ്രവർത്തകരായ ഡോ.കെ.ജി. സുരേഷ്, പ്രസാദ് മുല്ലശേരി, പ്രസാദ് കരിപ്പക്കുഴി, സന്തോഷ് ഐക്കരപ്പറമ്പിൽ,കെ.ജി.രവീന്ദ്രൻ എന്നിവരും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.