പത്തനംതിട്ട: ഖാദി ബോർഡിന്റെ നേതൃത്വത്തിൽ ഡിസംബർ 5 മുതൽ ഖാദി മെൻ ഒഫ് ദി ഇയർ 2020 മത്സരം സംഘടിപ്പിക്കുമെന്ന് ഖാദി ബോർഡ് ചെയർപേഴ്‌സൺ ശോഭന ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖാദി വസ്ത്രം അണിഞ്ഞ പുരുഷന്മാർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഡിസംബർ 15 നാണ് ഫൈനൽ. മികച്ച 10പേരെ തിരഞ്ഞെടുക്കും.. മൂന്ന് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയും രണ്ട് ഫോട്ടോയും secretarykkvib@gmail.com എന്ന ഈമെയിലിൽ അയയ്ക്കണം. ഖാദി വസ്ത്രം എടുക്കാനുള്ള പർച്ചേസ് കൂപ്പണുകളും ട്രോഫിയുമാണ് സമ്മാനം. കൊവിഡിന്റെ പ്രതികൂല സാഹചര്യത്തിലും ഖാദി മേഖലയ്ക്ക് ഉണർവ് ഏകാൻ ഖാദി മാസ്‌കുകളുടെ നിർമ്മാണം സഹായമായി. നിലവിൽ ക്രിസ്മസ് കിറ്റുകളിലേക്കുള്ള മാസ്‌കിന്റെ നിർമ്മാണം നടക്കുകയാണ്. ഇതിലൂടെ 2300 ഓളം സ്ത്രീകൾക്ക് തൊഴിൽ സംരക്ഷണം നൽകാൻ കഴിഞ്ഞു. ഇവർക്ക് ആനുകൂല്യങ്ങൾ കൃത്യമായി നൽകുവാനും കഴിഞ്ഞുവെന്നും ശോഭന ജോർജ് പറഞ്ഞു.