കോഴഞ്ചേരി: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളും ഇതര സംസ്ഥാനക്കാരും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളിൽ നിർണായക ഘടകമാകും.
നാട്ടിലെത്തിയ പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെയും എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ ഇക്കുറി പോളിംഗ് ശതമാനം കൂടും. നോർക്ക റൂട് സ് കണക്കു പ്രകാരം '26,212 പേരാണ് ഗൾഫ് , അയൽ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ എത്തിയിട്ടുള്ളത്.ഇതിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയത് 7360 പേരാണ് . പത്ത് ശതമാനം പേരും തൊഴിൽ നഷ്ടപ്പെട്ട് തിരികെ വന്നവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ തിരിച്ചെത്തിയത് മലപ്പുറത്താണ്. 97687 പേരാണ് മടങ്ങിയെത്തിയത്. സംസ്ഥാനത്ത് ആകെ എത്തിയത് 6, 16, 621 പേരും. ഇതിൽ 37390 പേർ കുട്ടികളാണ്. ഇവർ ഒഴികെ ഭൂരിഭാഗം പേരും തദ്ദേശ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്നാണ് കരുതുന്നത്. ഇതിൽ പലരുടെയും 'കന്നി വോട്ട് ' ആണെന്നതും ശ്രദ്ധേയമാകുന്നു. 1990ലെ തിരഞ്ഞെടുപ്പിന് ശേഷം മൂന്നു പതിറ്റാണ്ടായി വോട്ട് ചെയ്യാൻ കഴിയാതിരുന്നവരും നാട്ടിലെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ ഇല്ലാത്തവർക്കും ഉണ്ടെങ്കിൽത്തന്നെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്കുമാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. എന്നാൽ കൊവിഡ് കാരണം മാസങ്ങൾക്കു മുൻപ് നാട്ടിലെത്തിയതിനാൽ മിക്കവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിഞ്ഞു. നൂറിലധികം പ്രവാസികൾ തിരിച്ചെത്തിയ തദ്ദേശ സ്ഥാപനങ്ങൾ വരെ ജില്ലയിലുണ്ട്. ത്രിതല തിരഞ്ഞെടുപ്പിൽ ഇവരുടെ വോട്ടുകൾ നിർണായകമാകും. കഴിഞ്ഞ കാലങ്ങളിൽ 50 ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട സ്ഥാനാർത്ഥികൾ പഞ്ചായത്തുകളിലും നഗരസഭകളിലും ഉണ്ട്. മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് മുന്നണികളുടെ കണക്കു കൂട്ടലുകളെ തെറ്റിക്കും എന്ന കാര്യത്തിൽ തർക്കമില്ല.