traffic
മാർക്കറ്റ് ജംഗ്ഷൻ - ശ്രീവല്ലഭ ക്ഷേത്രം റോഡിൽ ഗതാഗതക്കുരുക്ക്

തിരുവല്ല: തിരക്കേറെയുള്ള മാർക്കറ്റ് ജംഗ്ഷൻ - ശ്രീവല്ലഭ ക്ഷേത്രം റോഡിൽ ഗതാഗതക്കുരുക്ക് പതിവായത് യാത്രക്കാരെ വലയ്ക്കുന്നു. തിരുവല്ല -മാവേലിക്കര റോഡിൽ നിന്ന് വീതി കുറവുള്ള റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ഇവിടുത്തെ മിക്ക വ്യാപാര സ്ഥാപനങ്ങൾക്കും പാർക്കിംഗ് സ്ഥലമില്ല. ഇതുകാരണം ഈ സ്ഥാപനങ്ങളിൽ വരുന്ന വാഹനങ്ങളൊക്കെ ഇടുങ്ങിയ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. റോഡിലേക്കിറങ്ങി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളും മറ്റും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. ശ്രീവല്ലഭ ക്ഷേത്രത്തിലേക്കും ആർ.ഡി ഓഫീസിലേക്കും മതിൽഭാഗം, വെൺപാല, കല്ലുങ്കൽ എന്നിവിടങ്ങളിലേക്കും പോകേണ്ട പ്രധാന റോഡ് കൂടിയാണിത്. ഇരുവശത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്ക് കടന്നുപോകാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാരണം മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.