കോന്നി : യു.ഡി.എഫിനെ വെല്ലുവിളിച്ച് കോന്നി ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിൽ വിമത സ്ഥാനാർത്ഥികളുടെ തീവ്രമത്സരം. പത്രിക പിൻവലിക്കാൻ ഡി.സി.സി അന്ത്യശാസനം നൽകിയിട്ടും, പിൻവലിക്കാനുള്ള സമയം കഴിഞ്ഞിട്ടും യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ ശക്തമായ പോരാട്ടമാണ് വിമതർ നടത്തുന്നത്. 18 വാർഡുകളുള്ള കോന്നിയിൽ കഴിഞ്ഞ തവണ യു.ഡി.എഫ് 12 സീറ്റുകളിലും എൽ.ഡി.എഫ് ആറ് സീറ്റുകളിലും വിജയിച്ചിരുന്നു. യു.ഡി.എഫിനും എൽ.ഡി.എഫിനും വളക്കൂറുള്ള മണ്ണാണ് കോന്നി. ഇരുമുന്നണികൾക്കും ഭരണത്തിൽ അവസരം നൽകിയിട്ടുണ്ട്.
തുടർ ഭരണത്തിന് വെല്ലുവിളിയായി അഞ്ച് വാർഡുകളിൽ റിബൽ
യു.ഡി.എഫിന്റെ തുടർ ഭരണത്തിന് വെല്ലുവിളിയായി അഞ്ച് വാർഡുകളിൽ യു.ഡി.എഫ് റിബലുകൾ ശക്തമായി രംഗത്തുണ്ട്. രണ്ടാം വാർഡിൽ കോൺഗ്രസിന്റെ മുൻ ഗ്രാമപഞ്ചായത്തംഗങ്ങളാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസ് കുത്തകയായ ഈ വാർഡിൽ മുൻ ഗ്രാമപഞ്ചായത്തംഗവും ഔദ്യോഗിക സ്ഥാനാർത്ഥിയുമായ തോമസ് കാലായിലിനു റിബലായി മഹിളാ കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്തംഗവുമായ ഷീജ ഏബ്രഹാം മത്സരിക്കുന്നു. മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി എലിസബത്ത് ചെറിയാനാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെങ്കിലും കോൺഗ്രസ് പ്രവർത്തക സിജി സാബു സ്വതന്ത്രവേഷത്തിൽ വിമതയായി മത്സരിക്കുന്നുണ്ട്. അഞ്ചാം വാർഡിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥി പി.വി.ജോസഫിന് വിമതനായി കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്തംഗവുമായ റോജി ബേബിയും മത്സര രംഗത്തുണ്ട്. മുമ്പ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച റോജി പിന്നീട് പാർട്ടിയുമായി സഹകരിച്ച് പോകുകയായിരുന്നു. ഏഴാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സുജ ഈപ്പനെതിരെ കേരള കോൺഗ്രസിലെ മുൻ പഞ്ചായത്തംഗം സിനി തോമസും മത്സരിക്കുന്നു. 12ാം വാർഡിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥി റോജി ഏബ്രഹാമിനെതിരെ കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ് കെ.സി.നായരും മത്സര രംഗത്തുണ്ട്.
ഗ്രൂപ്പുകളിയും വെട്ടിനിരത്തിലും വില്ലനായി
സ്ഥാനാർത്ഥി നിർണയത്തിലെ ഗ്രൂപ്പ് കളിയും വെട്ടിനിരത്തലുമാണ് യു.ഡി.എഫിനെ കോന്നിയിൽ വെട്ടിലാക്കുന്നത്. പഞ്ചായത്തിൽ 10 വാർഡുകളിലാണ് മുന്നണികളുടെ ശക്തമായ പോരാട്ടം നടക്കുന്നത്. ഒന്ന്, നാല്,എട്ട്,10,11,15,17 വാർഡുകളിൽ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ സ്ഥാനാർത്ഥികൾ നേരിട്ട് ഏറ്റുമുട്ടുന്നത്. 6,13,18 വാർഡുകളിൽ സി.പി.എം സ്വതന്ത്രരാണ് മത്സരിക്കുന്നത്.ഏഴാം വാർഡിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ. ഇവിടെ ആറു പേരാണ് മത്സര രംഗത്തുള്ളത്. രണ്ട്,മൂന്ന്,അഞ്ച്,ഒൻപത്,12,14 വാർഡുകളിൽ നാലുപേർ വീതം മത്സര രംഗത്തുണ്ട്. മാങ്കുളം 16ാം വാർഡിൽ രണ്ട് സ്ഥാനാർത്ഥികൾ മാത്രമുള്ളത്.കോൺഗ്രസിലെ പി.എച്ച്.ഫൈസലും,സി.പി.എമ്മിലെ ഷാബുദ്ദീനും നേരിട്ട് കനത്ത മത്സരമാണ് ഇവിടെ നടക്കുന്നത്.