പത്തനംതിട്ട : ജൂനിയർ റെഡ്‌ക്രോസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11 ഉപജില്ലകളിലെ സ്‌കൂളുകളിൽ നിന്നായി 15000 മാസ്‌കുകൾ ശേഖരിച്ച് വിതരണം ചെയ്യും. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും മറ്റുളളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ജെ.ആർ.സി പ്രോജക്ടാണ് കരുതലിനൊരു കൈത്താങ്ങ്. ഓരോ ജൂനിയർ റെഡ് ക്രോസ് കേഡറ്റും പത്ത് മാസ്‌കുകൾ വീതം സ്വയം തയാറാക്കിയാണ് ഈ പദ്ധതിയിൽ പങ്കാളികളായത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജെ.ആർ.സി.കേഡറ്റുകളിൽ നിന്ന് ശേഖരിച്ച മാസ്‌കുകൾ,സോപ്പ്, സാനിറ്റെസർ എന്നിവ ജില്ലയിലെ വിവിധ കോളനികൾ, ആരോഗ്യ കേന്ദ്രങ്ങൾ, കൊവിഡ് കെയർ സെന്ററുകൾ, എന്നിവ കേന്ദ്രീകരിച്ച് വിതരണം ചെയ്യും. ജില്ലാതല മാസ്‌ക് വിതരണ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.കെ.ഹരിദാസ് നിർവഹിച്ചു. ഇൻഡ്യൻ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ മോഹൻ ജെ.നായർ അദ്ധ്യക്ഷനായിരുന്നു.ജെ.ആർ.സി ജില്ലാ കോർഡിനേറ്റർ സി.പ്രവീൺ കുമാർ, പ്രസിഡന്റ് പി.ശ്രീജ,തോമസ് മാത്യു എന്നിവർ സംസാരിച്ചു.2019- 2020 അദ്ധ്യയന വർഷത്തെ പ്രവർത്തന മികവുകൾ വിലയിരുത്തി. ജില്ലയിലെ ഏറ്റവും മികച്ച യൂണിറ്റായി തിരഞ്ഞെടുത്ത നരിയാപുരം സെന്റ് പോൾസ് ഹൈസ്‌കൂളിലെ കൗൺസിലർ തോമസ് മാത്യു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ.ഹരിദാസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.