അടൂർ : തലനാരിഴയ്ക്ക് കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാൻ യു. ഡി. എഫും നിലനിറുത്താൻ എൽ. ഡി. എഫും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അടൂർ നഗരസഭയിൽ മത്സരം തീപാറും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് 13 വാർഡുകളിലും എൽ. ഡി. എഫ് 14 വാർഡുകളിലും വിജയിച്ചു. നാലാം വാർഡിൽ നിന്ന് സ്വതന്ത്രനായി ജയിച്ച ജി. പ്രസാദ് എൽ. ഡി. എഫിന് പിന്തുണ കൊടുത്തതോടെ ഭരണം ആദ്യമായി എൽ. ഡി. എഫിന്റെ കൈകളിലെത്തി. തുടർച്ചയായി നാല് തവണയും യു. ഡി. എഫ് പക്ഷത്തായിരുന്ന നഗരസഭ ആദ്യമായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് പിടിച്ചെടുത്തത്. ഇക്കുറി ചെയർമാൻ സ്ഥാനം ജനറൽ ആയതോടെ ഇരുമുന്നണികളും കരുതലോടെയാണ് കരുക്കൾ നീക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി എൽ. ഡി. എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ഒരുമുഴം നീട്ടിയെറിഞ്ഞെന്നുമാത്രമല്ല മികവുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധപുലർത്തി. യു. ഡി. എഫിലാകട്ടെ കോൺഗ്രസിലെ എ, ഐ തർക്കം കാരണം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയുടെ തൊട്ടുതലേന്നു മാത്രമാണ്.
പടലപിണക്കം പലയിടത്തും
സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയെങ്കിലും കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ പലവാർഡുകളിലും നിഴലിച്ചുതന്നെയുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ഐ ഗ്രൂപ്പിന് അർഹമായ യാതൊരു പരിഗണനയും നൽകിയില്ലെന്നതാണ് പ്രധാന പരാതി. കോൺഗ്രസ് 23 വാർഡുകളിൽ മത്സരിക്കുമ്പോൾ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി 9-ാം വാർഡിൽ നിന്ന് മത്സരിക്കുന്നത് അരവിന്ദ് ചന്ദ്രശേഖർ മാത്രമാണ്. ജനറൽ വാർഡ് ഉണ്ടായിട്ടും അത് വനിതയ്ക്ക് നൽകി ഐ ഗ്രൂപ്പിന് നൽകേണ്ട വാർഡ് പിടിച്ചെടുത്ത എ ഗ്രൂപ്പ് നടപടി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഐ ഗ്രൂപ്പ് പ്രവർത്തകർക്കിടയിൽ ഇപ്പോഴും നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന യു. ഡി. എഫ് കൗൺസിലർമാരായ അന്നമ്മ ഏബ്രഹാം, അഡ്വ. ബിജു വർഗീസ്, എസ്. ബിനു, അനിതാകുമാരി, എം. അലാവുദ്ദീൻ എന്നിവർക്ക് സീറ്റ് നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് ഡി. സി. സി അംഗം എം. അലാവുദ്ദീൻ 14-ാം വാർഡിൽ ഒൗദ്യോഗിക കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിക്കുന്നുണ്ട്. ജനറൽ വാഡുകളിൽ കോൺഗ്രസ് സിറ്റിംഗ് കൗൺസിലർമാരായ രണ്ട് വനിതകളെ മത്സരിപ്പിക്കുന്നു. വാർഡ് 10 ൽ ബിന്ദുകുമാരിയും 20 ൽ മുംതാസുമാണ് അതേവാർഡിൽ വീണ്ടും ജനവിധി തേടുന്നത്. എൽ. ഡി. എഫിൽ ജനറൽ വാർഡിൽ വീണ്ടും ജനവിധി തേടുന്നത് സിറ്റിംഗ് കൗൺസിലറായിരുന്ന ശോഭാതോമസാണ്. ഇതിന് പുറമേ സിറ്റിംഗ് കൗൺസിലർമാരിൽ രാജി ചെറിയാൻ, എൽ. ഡി. രാധാകൃഷ്ണൻ, സിന്ധു തുളസീധരകുറുപ്പ്, മറിയാമ്മ ജേക്കബ്, ശോഭാ തോമസ്, യു. ഡി. എഫിൽ നിന്നും എൽ. ഡി. എഫിൽ എത്തിയ മാണി ഗ്രൂപ്പിലെ അജി പി. വർഗീസ് എന്നിവരാണ് വീണ്ടും ജനവിധി തേടുന്നത്. സാന്നിധ്യം അറിയിച്ചുകൊണ്ട് ബി. ജി. പിയും മത്സര രംഗത്തുണ്ട്. 28 വാർഡുകളിൽ 19 വാർഡുകളിൽ മാത്രമേ ബി. ജെ. പി ക്ക് സ്ഥാനാർത്ഥികളെ നിറുത്താനായുള്ളൂ.