പള്ളിക്കൽ: ചിഹ്നം അനുവദിച്ചിട്ട് കാൻസൽ ചെയ്ത ഡി.സി.സി പ്രസിഡന്റിന്റെ നടപടിക്കെതിരെ കെ.പി.സി.സിക്ക് പരാതിയും മണ്ഡലം പ്രസിഡന്റിന്റെ രാജിയും. പള്ളിക്കൽ പഞ്ചായത്തിലെ പഴകുളം ഏഴാം വാർഡിൽ ആദ്യം കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷീനാ ഫാത്തിമയെ പ്രഖ്യാപിക്കുകയും കൈപ്പത്തി ചിഹ്നം അനുവദിച്ച് ഡി. സി.സി പ്രസിഡന്റ് കത്തും നൽകി. എന്നാൽ നാമനിർദ്ദേശക പത്രിക പിൻവലിക്കുന്നതിന്റെ അവസാനദിവസം ഡി.സി.സി പ്രസിഡന്റ് വരണാധികാരിയായ അടൂർ അസി.രജിസ്ട്രാർ ഓഫീസിലെത്തി പള്ളിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയില്ലന്നും അവിടെ മുസ്‌ലിം ലീഗിനാണ് സീറ്റെന്നും പറഞ്ഞു. കൈപത്തി ചിഹ്നം അനുവദിച്ച് ഡി സി സി പ്രസിഡന്റ് നൽകിയ കത്ത് അസി രജിസ്ട്രാർ കാണിച്ചപ്പോൾ ആ കത്ത് ബലമായി പിടിച്ചു വാങ്ങി അതിൽ കാൻസൽ എന്നെഴുതുകയും ചെയ്തു. ഇതിനെതിരെ വരണാധികാരിയുടെ പരാതിപ്രകാരം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിനെതിരെ അടൂർ പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ചിട്ട് പിന്നീട് കാൻസൽ ചെയ്ത വിവരം പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചില്ല.ചിഹ്നം നൽകാൻ മാത്ര മേ ഡി.സി.സി പ്രസിഡന്റിന് ചുമതലയുള്ളുവെന്നും കാൻസൽ ചെയ്യാൻ കെ.പി.സി.സി പ്രസിഡന്റിനാണ് അധികാരമെന്നും മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടു തറയിൽ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കമറുദ്ദീൻ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ഷീനാ ഫാത്തിമയുമായി സ്വതന്ത്ര ചിഹ്നത്തിൽ മത്സര രംഗത്തു പ്രചാരണം സജീവമാക്കുകയാണ് നേതാക്കളും പ്രവർത്തകരും. ഡി.സി.സി പ്രസിഡന്റിന്റെ നടപടിക്കെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയെന്നുംകമറുദ്ദീൻ പറഞ്ഞു.