> 27 വാർഡുകളിൽ 86 സ്ഥാനാർത്ഥികൾ
> 14 സീറ്റുകളിൽ ഇടതു സ്വതന്ത്രന്മാർ
> ഒരു വാർഡിൽ സി.പി.എം സി.പി.ഐ നേർക്കുനേർ

ചെങ്ങന്നൂർ : കടുകട്ടിയാണ് ചെങ്ങന്നൂരിലെ പോരാട്ടം. ചെങ്ങന്നൂർ നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മുന്നണികൾക്ക് അധികനാൾ ഭരണത്തിൽ തുടരാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ചരിത്രം. .പലപ്പോഴും ഭരണസ്ഥിരതയില്ലായ്മ പതിവായ നഗരസഭയിൽ ഇടതു മുന്നണിയിൽ നിന്ന് വലതു മുന്നണിയിലേക്കും തിരിച്ചും കൗൺസിലർമാർ വിവിധ കാലയളവിൽ കൂറുമാറിയിട്ടുണ്ട്. ബി.ജെ.പി ഒരേ കാലയളവിൽ രണ്ട് മുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ചരിത്രവും ചെങ്ങന്നൂരിനുണ്ട്. സ്വതന്ത്രരുടെ മുന്നണി മാറ്റവും ഭരണമാറ്റത്തിന് നിരവധി തവണ വഴിയൊരുക്കി. സി.ക്ലാസ് നഗരസഭയായ ചെങ്ങന്നൂരിന് ഒരു മുന്നണി യോടും പ്രത്യേകിച്ച്ആഭിമുഖ്യമുണ്ടായിട്ടില്ല. കഴിഞ്ഞ ഭരണം യു.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു. ഇക്കുറി ചെയർമാൻ സ്ഥാനം വനിതാ സംവരണമാണ്.
27 വാർഡുകളിലായി 86 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 14 സീറ്റുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരാണ് മത്സരിക്കുന്നത്. മുന്നണികളിൽപ്പെടാത്ത കക്ഷിരഹിതരായി വനിതകളടക്കം 11 പേരും മത്സര രംഗത്തുണ്ട്. 17ാം വാർഡായ കോളേജ് വാർഡിൽ സി.പി.എം, സി.പി.ഐ സ്ഥാനാർത്ഥികൾ നേർക്കുനേർ മത്സരിക്കുന്നുവെന്നതും പ്രത്യേകതയാണ്. സിറ്റിംഗ് കൗൺസിലറായ സി.പി.എമ്മിലെ കെ.എൻ.ഹരിദാസും മുൻ കൗൺസിലർ സി.പി.ഐ യിലെ സുജൻ ഐക്കരയുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. നഗരസഭയിൽ സി പി എം ,സി.പി.ഐ തർക്കം നിലനിൽക്കുന്നതിനാലാണിത്. അതേ സമയം സി.പി.ഐയിലെ സിറ്റിംഗ് മെമ്പറായി പി.ആർ.പ്രദീപ് കുമാർ രണ്ടാം വാർഡായ കോടിയാട്ടുകരയിൽ ഇടതു മുന്നണി സ്വതന്ത്രനായി രംഗത്തുണ്ട്. മറ്റൊരു എൽ.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.പി ഇത്തവണ മത്സര രംഗത്തില്ല. അവർ സ്ഥാനാർത്ഥികളെയും നിർത്തിയിട്ടില്ല. എൻ.സി.പി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം നേതാക്കൾ വ്യക്തമാക്കിയിരുന്നതുമാണ്. 21 , തിട്ടമേൽ വാർഡിലാകട്ടെ ബി.ജെ.പി സ്ഥാനാർത്ഥി ക്കുപുറമെ എൻ.ഡി.എ ഘടകകക്ഷിയായ കേരള കോൺഗ്രസ് പി.സി.തോമസ് പക്ഷക്കാരനും മുൻ ചെയർമാനുമായ രാജൻ കണ്ണാട്ട് സ്വതന്ത്രനായി മത്സരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. യു.ഡി.എഫ് 26 ഇടത്ത് മത്സരിക്കുന്നു. 16ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.ബിജുവിന്റെ പത്രിക സുഷ്മ പരിശോധനയിൽ തള്ളപ്പെട്ടിരുന്നു. നഗരസഭ 24ാം വാർഡിൽ (ടൗൺ ) കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കൊപ്പം മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയിരുന്ന മുൻ നഗരസഭാദ്ധ്യക്ഷ കൂടിയായ സുജാ ജോൺ മത്സരരംഗത്തു നിന്ന് പിൻമാറിയത് യു.ഡി.എഫ് കേന്ദ്രത്തിൽ ആശ്വാസം പകർന്നിട്ടുണ്ട്.