പള്ളിക്കൽ : പള്ളിക്കലിൽ ഭരണത്തിലെ കുത്തക ആധിപത്യം നിലനിറുത്താൻ ഇടതുപക്ഷവും തിരിച്ചു പിടിക്കാൻ യു.ഡി എഫും നേർക്കുനേർ പോരാട്ടത്തിലാണ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് പള്ളിക്കൽ . അറുപതിനായിരത്തോളം ജനസംഖ്യയുണ്ട്. 23 വാർഡുകൾ . പള്ളിക്കൽ, പെരിങ്ങനാട്, പഴകുളം ബ്ലോക്ക് ഡിവഷനുകളും പള്ളിക്കൽ ജില്ലാ ഡി വിഷനും ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ ചരിത്രത്തിൽ 1995 - 2000 കാലയളവിൽ മാത്രമാണ് യുഡിഎഫ് ഭരിച്ചത്. ബാക്കിയെല്ലാത്തവണയും ഇടതുപക്ഷമായിരുന്നു. ഏതുവിധേനയും ഭരണം പിടിക്കാൻ പലവിധ തന്ത്രങ്ങളാണ് യു ഡി എഫ് പയറ്റുന്നത്. സി.പി.ഐയിൽ നിന്ന് രണ്ടു പേരെ രാജിവയ്പ്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കുന്നു. പാർട്ടിക്കകത്ത് വലിയ സംഘടനാ പ്രശ്‌നങ്ങൾ ഇല്ലാത്തത് യുഡിഎഫിന് ആശ്വാസമാണ്. പഞ്ചായത്തിന്റെ വികസന പിന്നാക്കാവസ്ഥയാണ് യു ഡി എഫിന്റെ പ്രചരണായുധം . ഇടതുപക്ഷം പഞ്ചായത്തിന്റെയും സർക്കാരിന്റെയും വികസന നേട്ടങ്ങൾ പറഞ്ഞാണ് പ്രചാരണരംഗത്തുള്ളത്. യു ഡി എഫിനെയും എൽ ഡി എഫിനെയും കടന്നാക്രമിച്ച് ബിജെപിയും ശക്തമായി രംഗത്തുണ്ട്.നിലവിൽ എൽ ഡി എഫ് 17 യുഡിഎഫ് 4 ,എസ്ഡിപിഐ 1 , ബി ജെ പി 1 എന്നിങ്ങനെയാണ് കക്ഷി നില.