പുലി ആക്രമിച്ചതെന്ന് പ്രദേശവാസികൾ
ശബരിമല: നിലയ്ക്കൽ മഹാദേവ ക്ഷേത്രം വക ഗോശാലയിലെ കാള പരിക്കേറ്റ് അവശനിലയിൽ. പുലി ആക്രമിച്ചതാകാമെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ നിലയ്ക്കൽ ക്ഷേത്രത്തിന് സമീപത്ത് അലഞ്ഞു തിരിഞ്ഞ കാളയെ മുറിവുകളിൽ നിന്ന് ചോര വാർന്ന് കാണപ്പെടുകയായിരുന്നു.
മുതുകിൽ ഇരുഭാഗത്തും ഇടത് മുൻകാലിലുമാണ് പരിക്ക്. നഖം കിഴിഞ്ഞിറങ്ങിയതും മാന്തിയതുമായ പാടുകളുണ്ട്. അവശനായ കാളയെ ഇന്നലെ ഉച്ചയോടെ ഗോശാലയിൽ പിടിച്ചുകെട്ടി മുറിവ് കഴുകി മരുന്ന് പുരട്ടി. ഗോശാലയിൽ നിന്ന് തുറന്നുവിടുന്ന പശുക്കളും കാളകളും അലഞ്ഞു തിരിഞ്ഞാണ് മേയുന്നത്. പല ദിവസങ്ങളിലും തിരിച്ചെത്താറില്ല. റോഡിലും കാടുകൾക്കുള്ളിലും കിടക്കും. ഇങ്ങനെ കിടന്ന കാളയെ പുലി ആക്രമിച്ചതാകാമെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, കാളയുടെ ശരീരത്തിലെ പരിക്ക് വന്യമൃഗങ്ങൾ ആക്രമിച്ചതിന്റേതല്ലെന്ന് ജില്ലാ വെറ്ററിനറി കേന്ദ്രം അധികൃതർ പറയുന്നു. പക്ഷികൾ കൊത്തിയതുപോലുള്ള മുറിവുകളാണ് . കാളയുടെ സ്ഥിതി ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിന് മുൻപിൽ ഭക്തർ വഴിപാടായി നടയ്ക്കിരുത്തുന്ന പശുക്കളെയും കാളകളെയുമാണ് ഗോശാലയിൽ സംരക്ഷിക്കുന്നത്.
പ്രദേശത്ത് പുലിയുണ്ടെന്ന് സൂചന
നിലയ്ക്കൽ, അട്ടത്തോട് ഭാഗങ്ങളിൽ പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വളർത്തു പശുക്കളെയും നായകളെയും കാണാതായിട്ടുണ്ട്. ഒരു മാസം മുമ്പ് അട്ടത്തോട് ട്രൈബൽ സ്കൂളിന് സമീപത്ത് പുലിയെ കണ്ടവരുണ്ട്. അങ്കണവാടി അദ്ധ്യാപിക കുഞ്ഞുമോളുടെ വീട്ടിലെ നായയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയിരുന്നു. ടാപ്പിംഗ് തൊഴിലാളികൾ അടക്കം ഭീതിയിലാണെന്ന് ഗ്രാമ പഞ്ചായത്തംഗം രാജൻ വെട്ടിക്കൽ പറഞ്ഞു. രാത്രി റോഡിൽ കിടക്കുന്ന കാളകളുടെ ദേഹത്ത് തട്ടി ബൈക്കുകൾ മറിഞ്ഞ സംഭവങ്ങളുണ്ട്.
നിലയ്ക്കൽ ഗോശാലയിൽ പശുക്കൾക്കും കാളകൾക്കും ചികിത്സ ഉറപ്പാക്കി സംരക്ഷിക്കണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ നടയ്ക്ക് വയ്ക്കുന്ന കാളകളെ അഴിച്ചുവിട്ടിരിക്കുകയാണ്. പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കാളകൾ മുറിവുകളുമായി അലയുകയാണ്. സമയത്ത് ഡോക്ടർമാരെ അറിയിക്കുന്നില്ല. മിണ്ടാപ്രാണികൾക്ക് ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.