കോന്നി : റബർ തോട്ടത്തിലെ താമസമില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ നിന്ന് ആറ് മാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തി. വി. കോട്ടയം കൊലപ്പാറ നെടുമുരുപ്പേൽ ഭാഗത്ത് കൂടൽ സ്വദേശി ഗോപിയുടെ റബർ തോട്ടത്തിലെ വീട്ടിലാണ് അസ്ഥികൂടം കണ്ടത്. മാസങ്ങളായി ടാപ്പിംഗ് നടക്കുന്നില്ലായിരുന്നു. ഇന്നലെ കാട് കളയുന്നതിനും മറ്റുമായി ജോലിക്കാർ എത്തി പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടത്. കോന്നി പൊലീസ് സ്ഥലത്തെത്തി. ആറ് മാസം മുമ്പ് കാണാതായ ളാക്കൂർ സ്വദേശി സോമസുന്ദരൻ നായരുടെ മൃതദേഹത്തിന്റേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. കാണാതാകുമ്പോൾ സോമസുന്ദരൻ നായർ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് അസ്ഥികൂടത്തിൽ ഉണ്ടായിരുന്നത്.. ഡി.എൻ.എ ഉൾപ്പടെയുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ കഴിയുവെന്ന് പൊലീസ് അറിയിച്ചു.