mla
ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ അഭ്യർത്ഥനയുമായി ചിറ്റയം ഗോപകുമാർ എം.എൽ. എ ഭവനസന്ദർശനം നടത്തുന്നു.

അടൂർ : ചിറ്റയം ഗോപകുമാർ എം.എൽ.എ അഭ്യർത്ഥനയുമായി ഭവന സന്ദർശനത്തിന് എത്തിയപ്പോൾ നാട്ടുകാർക്ക് ഒരു സംശയം. എം.എൽ. എ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കും മത്സരിക്കുന്നുണ്ടോ.? എം.എൽ.എ ആകുന്നതിന് മുൻപ് കൊട്ടാരക്കര പഞ്ചായത്തിലെ ജനപ്രതിനിധി ആയിരുന്നത് നാട്ടുകാരിൽ ചിലർക്കൊക്കെ അറിയാം. ഇനി നഗരസഭയിലേക്ക് ഒരു കൈകൂടി നോക്കാനാണോ എം.എൽ. എയുടെ വരവ് എന്ന് സംശയിച്ചവർക്ക് തെറ്റി. നഗരസഭയിലെ അഞ്ചാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജി.വാസുദേവന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനാണ് എത്തിയത്. നിങ്ങളിൽ ഒരോരുത്തരേയും എനിക്ക് നേരിൽ അറിയാം. എന്റെ ഇലക്ഷന് മാത്രം വന്നാൽ പോരല്ലോ..?എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നഗരസഭയിൽ വിജയിച്ച് ഭരണം പിടിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിന്റേതുകൾപ്പെടെയുള്ള വികസന പദ്ധതികൾ നമുക്ക് വേഗത്തിൽ പൂർത്തീകരിക്കാനാകൂ. എനിക്ക് വോട്ട് നൽകി എങ്ങനെ വൻഭൂരിപക്ഷത്തോട് വിജയിപ്പിച്ചുവോ അതുപോലെ നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കും നിങ്ങളുടെ പിന്തുണ ഉണ്ടാകണം. അത് നേരിൽ കണ്ട് അഭ്യർത്ഥിക്കാൻ വന്നതാണെന്ന എം.എൽ.എയുടെ വാക്കുകൾ.മണ്ഡലത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വോട്ടുതേടൽ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ നാലര വർഷം നടപ്പിലാക്കിയ ജനോപകാര പ്രവർത്തനങ്ങൾ അടൂർ നഗരസഭയിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.സ്ഥാനാർത്ഥിയും ഇടതുമുന്നണി പ്രവർത്തകരും എം.എൽ.എ യോടൊപ്പം ഭവന സന്ദർശനത്തിനുണ്ടായിരുന്നു.