boycot
നിരണത്തെ കൈതത്തോട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്ററുകൾ പതിച്ചിരിക്കുന്നു

തിരുവല്ല: റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നിരണത്തെ 12 കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ഭീഷണിയുമായി രംഗത്തെത്തി. പഞ്ചായത്തിലെ 13-ാം വാർഡിലെ കൈതത്തോട് നിവാസികളായ ചെമ്പിൽ കലുങ്ക് മുതൽ താമസിക്കുന്ന വീട്ടുകാരുടെ ഏകാശ്രയമായ 150 മീറ്റർ ദൂരത്തിലുള്ള നടപ്പാത സഞ്ചാര യോഗ്യമാക്കത്തതിൽ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ഒരുങ്ങുന്നത്. ഈ വഴിയെ ബുദ്ധിമുട്ടി വോട്ട് ചോദിച്ച് ആരും വരണമെന്നില്ല` എന്ന പോസ്റ്ററുകൾ വീടുകൾക്ക് മുന്നിലും റോഡിലും പതിച്ചിട്ടുണ്ട്. ചെമ്പിൽ കലുങ്ക് മുതൽ ചാത്തനാരി കലുങ്ക് വരെയുള്ള കുടുംബങ്ങളാണ് റോഡില്ലാതെ ദുരിതത്തിലായിരിക്കുന്നത്. പ്രദേശവാസികളുടെ വഴി ഉൾപ്പെടുന്ന കൈതത്തോടിന്റെ വശങ്ങൾ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി ചെറുകിട ജലസേചന വകുപ്പിൽനിന്നും 16 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പണികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. വയോധികരും ജന്മനാ ശാരീരിക മാനസിക വൈകല്യമുള്ള രോഗിയായ യുവാവുമടക്കം താമസിക്കുന്ന പ്രദേശമാണിത്. ഇവരുടെ താമസ സ്ഥലത്തേക്കെത്താൻ ബഥേൽ ഐ.പി.സി പള്ളിക്ക് സമീപമുള്ള ചാത്തനാരി കലുങ്കിൽ നിന്നും തോട്ടുവഴിയിലൂടെ 80 മീറ്റർ ദൂരത്തിൽ 15 വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു. എന്നാൽ സമീപവാസി ഈ സംരക്ഷണഭിത്തിക്ക് മേൽ മതിൽ നിർമ്മിച്ചതിനാൽ ഈവഴിയും പ്രദേശവാസികൾക്ക് നഷ്ടമായി. റോഡ് സഞ്ചാരയോഗ്യമാക്കാനായി തഹസീൽദാർക്ക് വീണ്ടും അപേക്ഷ നൽകിയതായി പൊതുപ്രവർത്തകനായ സാജൻ വി.തോമസ് പറഞ്ഞു.