kokkattu
പന്നിവിഴ കോക്കാട്ടുപടി ഏലായിൽ മൂന്നു മാസം വളർച്ചയെത്തിയ മരച്ചീനി കാട്ടുപന്നി നശിപ്പിച്ച നിലയിൽ

അടൂർ : കാട്ടുപന്നികളെ വെടിവെച്ചുകൊല്ലും നിയന്ത്രിക്കാൻ നടപടിയുണ്ടാകും എന്നൊക്കെ പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും നിയമം പ്രാവർത്തീകമാകുന്നില്ലെന്നതാണ് വാസ്തവം. കാടുവിട്ട് നാട്ടിലെത്തിയ കാട്ടുപന്നിശല്യം കാരണം കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയാണ് അടൂരുകാർക്കും. കഴിഞ്ഞ ദിവസം രാത്രി പന്നിവിഴ കോക്കാട്ടുപടി ഏലായിൽ പന്നിവിഴ സർവീസ് സഹകരണബാങ്ക് സെക്രട്ടറികൂടിയായ മയ്യനാട് എം.ജെ.ബാബു കൃഷിയിറക്കിയ മൂന്നുമാസം പ്രായമുള്ള 150 മരച്ചീനിയാണ് കുത്തിമറിച്ചത്. പാകമായാൽ കാൽ ലക്ഷത്തോളം രൂപ വരുമാനം ലഭിക്കേണ്ടതാണ്. വളംഇട്ട് മണ്ണിടുന്നതിനായി രണ്ട് ജോലിക്കാരുമായി എത്തിയപ്പോഴാണ് മരച്ചീനി പൂർണമായും കാട്ടുപന്നി നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്. വർഷങ്ങളായി തരിശുകിടന്ന കോക്കാട്ടുപടി ഏലായിൽ കർഷകൂട്ടായ്മയിലാണ് അഞ്ചുവർഷമായി നെൽക്കൃഷി ഉൾപ്പെടെയുള്ളവ പുനരാരംഭിച്ചത്. ഇത് ഒരുകർഷകന്റെ മാത്രം അനുഭവമില്ല, പരിസരപ്രദേശങ്ങളില്ലെല്ലാം പന്നികൾ മേയുകയാണ്.പന്നിവിഴ, ആനന്ദപ്പള്ളി പ്രദേശങ്ങളിൽ ഒരു വർഷത്തിലേറെയായി പന്നിശല്യം രൂക്ഷമാണ്. കാർഷിക വിളകൾ നശിപ്പിക്കുക മാത്രമല്ല,ആളുകളെ കുത്തി പരിക്കേൽപ്പിച്ച സംഭവങ്ങളും നിരവധിയാണ്.കൊടുമൺ ചന്ദനപ്പള്ളി എസ്റ്റേറ്റുകളിൽ നിന്നുമാണ് ഇവ നാട്ടിലെത്തിയിരിക്കുന്നത്. ഇത് കാരണം കൃഷി ചെയാനാകാത്ത ധർമ്മ സങ്കടത്തിലാണ് പ്രദേശവാസികൾ. കേന്ദ്രവന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഇവയെ കൊല്ലാനും കഴിയില്ല. നാശംവിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.