പത്തനംതിട്ട : നഗരത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വച്ചുള്ള 50 ഇനങ്ങൾ അടങ്ങിയ പ്രകടന പത്രിക എൽ.ഡി .എഫ് മുനിസിപ്പൽ കമ്മിറ്റി പുറത്തിറക്കി. ഇച്ഛാശക്തിയുള്ള ഒരു ഭരണസംവിധാനം നിലവിൽ വന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളുടെ പങ്കാളിത്തോടെ ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുവാൻ കഴിയുമെന്ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പൂർണ മാലിന്യ സംസ്‌കരണം, ആധുനിക സൗകര്യങ്ങളോടുകൂടിയ അറവുശാല ഉൾപ്പെടുന്ന പൊതുമാർക്കറ്റ്, രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം, പരിസ്ഥിതി, നഗരത്തെ പച്ചതുരുത്താക്കാൻ മിയോവാക്കി വനവൽക്കരണം,സാംസ്‌കാരികം,യുവജന സൗഹൃദം, പ്രതിവർഷം 1000 പേർക്ക് തൊഴിൽ,നഗരമാകെ സൗജന്യ വൈഫൈ,കെ.കെ.നായർ,സി.മീരാസാഹിബ്, അഡ്വ. ഏബ്രഹാം മണ്ണായിക്കൽ, ഡോ.എ.ബാലകൃഷ്ണപിള്ള തുടങ്ങി പത്തനംതിട്ട നഗരനിർമ്മാണത്തിലെ പ്രമുഖർക്ക് സ്മാരകങ്ങൾ, ആധുനിക പൊതു ശ്മശാനം, ചുട്ടിപ്പാറ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതി, ചുട്ടിപാറയിൽ വാനനിരീക്ഷണ കേന്ദ്രം റോപ്പ് വേ, അന്യ സംസ്ഥാന തൊഴിലാളികൾക്ക് പാർപ്പിട സമുച്ചയം, സൗജന്യ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ, കർഷക സൗഹൃദ പദ്ധതികൾ എന്നിങ്ങനെ സർവ മേഖലകളെയും സ്പർശിക്കുന്ന വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാൻഡ് വികസനവും ലക്ഷ്യമിടുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ ചെയർമാൻ എ.ഗോകുലേന്ദ്രൻ, സെക്രട്ടറി കെ.അനിൽകുമാർ, പ്രസിഡന്റ് അഡ്വ.കെ.ജയകുമാർ, കൺവീനർ സുമേഷ് ഐശ്വര്യ,പി.കെ. ജേക്കബ്, വർഗീസ് മുളയ്ക്കൽ എന്നിവർ പങ്കെടുത്തു.