ചെങ്ങന്നൂർ: സ്ത്രീധന പീഡനത്തിൽ പ്രതിക്ക് ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കായംകുളം കീരിക്കാട് വേരുവള്ളിഭാഗം കാങ്കാലിൽ കിഴക്കേതിൽ മനോജിനെ (40) യാണ് ചെങ്ങന്നൂർ അഡി.സെഷൻസ് കോടതി ജഡ്ജി ഡി.സുധീർ കുമാർ ഏഴു വർഷം തടവും ഒരു ലക്ഷം രൂപയും വിധിച്ചത്. കുളനട മാന്തുക ആശാഭവനത്തിൽ കോയിപ്രത്ത് മലയിൽ വീട്ടിൽ ആനന്ദൻ ലീലാമ്മ ദമ്പതികളുടെ മകൾ ആശയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർത്യ വീട്ടിൽ ആത്മഹത്യ ചെയ്തത്.ആശയുടെ അമ്മ ലീലാമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ആശയുടെ മരണത്തിനു രണ്ടു ദിവസം മുൻപ് സ്ത്രീധന ബാക്കി തുക ആവശ്യപ്പെട്ടുവെന്നും ഇതിനെ തുടർന്ന് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ആശ പറഞ്ഞിരുന്നതായി ആശയുടെ അമ്മ മൊഴി നൽകി. മനോജിനും അമ്മ ശാരദയ്ക്കുമെതിരെ കേസെടുത്തിരുന്നു. അയൽവാസികളടക്കം സാക്ഷികളായി 22 പേരെ വിസ്തരിച്ചു. രണ്ടാം പ്രതി മനോജിന്റെ മാതാവിനെ കുറ്റക്കാരിയല്ലന്നു കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെ വിട്ടു. പിഴ തുക ലീലാമ്മയ്ക്ക് നൽകാനും ഉത്തരവായി. കായംകുളം ഡി.വൈ.എസ്പി മാരായ ഷിഹാബുദ്ദീൻ, ടി.അനിൽദാസ്, എൻ.രാജേഷ് എന്നിവരായിരുന്നു അന്വേഷണം ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനു വേണ്ടി അഡി.പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.റെഞ്ചി ചെറിയാൻ ഹാജരായി